
കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ ഭീതിയിലാണ് രാജ്യം. വാക്സിനേഷന് കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിയ്ക്കുന്നതിനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഇതോടൊപ്പം തന്നെ കോവിഡിനെ കുറിച്ചുള്ള പഠനങ്ങളും നടന്നു കൊണ്ടിരിയ്ക്കുകയാണ്. നിലവിലെ അവസ്ഥയില്‍ സാധാരണക്കാര്‍ പുറത്തിറങ്ങുമ്പോള്‍ സര്‍ജിക്കല്‍ മാസ്കോ ഷീല്‍ഡോ ധരിക്കുന്നത് ഫലപ്രദമല്ലെന്നാണ് ഭുവനേശ്വര്‍ ഐഐടിയുടെ പഠനത്തിലെ കണ്ടെത്തല്‍.
''ശ്വസനപ്രക്രിയയിലൂടെ തന്നെയാണ് അധികവും രോഗവ്യാപനമുണ്ടാകുന്നത്. ഈ വസ്തുതയ്ക്ക് അത്ര സ്വീകാര്യതയും പരിഗണനയും നാം കൊടുത്തില്ല എന്നതാണ് സത്യം. ഞങ്ങളുടെ പഠനം പ്രധാനമായും ഈ വിഷയം കേന്ദ്രീകരിച്ചായിരുന്നു. അതിനാലാണ് മാസ്കുകളുടെ പ്രയോജനത്തെ കുറിച്ച് എടുത്ത് പറയേണ്ടിവന്നത്...'' - പഠനത്തിന് നേതൃത്വം നല്കിയ ഐഐഡി ഭുവനേശ്വര്‍ ഡയറക്ടര്‍ പ്രൊഫസര്‍ ആര് വി രാജ്കുമാര് പറയുന്നു.
അഞ്ച് ലെയറുള്ള മാസ്കാണ് ഇപ്പോള്‍ ധരിക്കാന്‍ സുരക്ഷിതമെന്നാണ് പഠനത്തില്‍ പറയുന്നത്. അത്രയും ലെയറുകളുള്ളതിനാല്‍ തന്നെ സ്രവകണങ്ങള്‍ പുറത്തെത്താന്‍ സാധ്യത വളരെ കുറവായിരിക്കും. അതിനാലാണ് ഈ മാസ്ക് തന്നെ ധരിക്കണമെന്ന് ഗവേഷകര്‍ പറയുന്നത്. സര്‍ജിക്കല്‍ മാസ്കോ ഷീല്‍ഡോ ധരിക്കുമ്പോള്‍ വായില്‍ നിന്നും സ്രവകണങ്ങള്‍ പുറത്തെത്തുന്നതിനുള്ള സാധ്യതകള്‍ കൂടുന്നു. ചെറിയ സ്രവകണങ്ങളാണെങ്കില്‍ ശ്വാസം പുറത്തു വിടുമ്പോള്‍ അഞ്ച് സെക്കന്‍ഡിനകം തന്നെ ഇവ നാലടിയോളം ദൂരത്തെത്തുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.
'' നിലവാരമുള്ള എന്‍-95 മാസ്കുകളാണെങ്കില്‍ സ്രവകണങ്ങള്‍ പുറത്തെത്തുന്നത് പരമാവധി തടയും. അഞ്ച് ലെയറുള്ള മാസ്കാണ് ഏറ്റവും ഫലപ്രദം. മറ്റ് മാസ്കുകളാണെങ്കില്‍ അവയുടെ ഇഴകള്ക്കകത്തു കൂടി സ്രവകണങ്ങള്‍ പുറത്തെത്താം. പുറത്തിറങ്ങുകയും ആളുകളുമായി സംസാരിക്കുകയും ചെയ്യുന്നവരാണെങ്കില്‍ അവര്‍ തീര്‍ച്ചയായും സര്‍ജിക്കല്‍ മാസ്കുകളോ ഷീല്‍ഡുകളോ ഉപയോഗിക്കരുത് '' - പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.






