
തിരുവനന്തപുരം : സംസ്ഥാനത്ത ഇരട്ടവോട്ടിന് പിന്നാലെ തപാല്‍ വോട്ടിലും ഇരട്ടിപ്പിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചിരുന്നു. അതിനു പിന്നാലെ തപാല്‍ വോട്ടുകളുടെ വിവരങ്ങള്‍ പുറത്ത് വിടണമെന്ന ആവശ്യവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. പി സി വിഷ്ണുനാഥ്, ബിന്ദുകൃഷ്ണ, അബ്ദുറഹ്മാന് രണ്ടത്താണി, പാറയ്ക്കല്‍ അബ്ദുള്ള, ബി ആര് എം ഷഫീര്‍ എന്നിവരാണ് കമ്മീഷന് പരാതി നല്‍കിയത്.
തങ്ങളുടെ മണ്ഡലങ്ങളിലെ തപാല്‍ വോട്ടുകളുടെ യഥാര്‍ത്ഥ വിവരം കൈമാറണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. തപാല്‍ വോട്ടുകളുടെ സീരിയല്‍ നമ്പരുകളും പുറത്ത് വിടണമെന്നാണ് സ്ഥനാര്‍ത്ഥികളുടെ ആവശ്യം. തപാല്‍ വോട്ട് അച്ചടികണക്കില് വലിയ വര്‍ദ്ധനവ് ഉണ്ടായതിനെത്തുടര്‍ന്നാണ് ഇങ്ങനെയൊരു ആവശ്യവുമായി സ്ഥാനാര്‍ത്ഥികള്‍ രംഗത്ത് വന്നത്.
ഏഴര ലക്ഷത്തില്‍ താഴെ ആവശ്യമുള്ളിടത്ത് 10 ലക്ഷത്തോളം ബാലറ്റുകള്‍ അച്ചടിച്ചു. എന്നിട്ട് മൂന്നര ലക്ഷത്തോളം പേരുടെ വോട്ട് വീടുകളിലെത്തി രേഖപ്പെടുത്തിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട്. പോളിംഗ് ഉദ്യോഗസ്ഥരും അവശ്യ സര്‍വീസ് വിഭാഗത്തിലുളളവരും മുഴുവന്‍ വോട്ട് രേഖപ്പെടുത്തിയാല്‍ പോലും നാല് ലക്ഷം വോട്ടില്‍ കവിയില്ല. അങ്ങനെയുള്ള സാഹചര്യത്തില്‍ 10 ലക്ഷം ബാലറ്റുകള്‍ അടിക്കാന്‍ ഇടയായ സാഹചര്യത്തെ പ്രതിപക്ഷം ചോദ്യം ചെയ്തിരുന്നു.






