
തിരുവനന്തപുരം : പോസറ്റല്‍ ബാലറ്റിലെ വിശദാംശങ്ങള്‍ പുറത്ത് വിടണമെന്നാവശ്യവുമായി രമേശ് ചെന്നിത്തല കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ പങ്കെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയതതില്‍ വന്‍ ക്രമക്കേട് നടന്നിരിക്കുന്നു. അത് കൊണ്ട് തന്നെ സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്ത പോസ്റ്റല്‍ ബാലറ്റുകളുടെ വിവരങ്ങള്‍ പുറത്ത് വിടണമെന്ന് ചെന്നിത്തല കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്രക്ക് നല്കിയ കത്തില്‍ ആവശ്യപ്പെടുന്നു.
പോസ്റ്റല്‍ ബാലറ്റ് ലഭിച്ചവരുടേയും, പ്രത്യേക കേന്ദ്രങ്ങളില്‍ വോട്ട് ചെയ്ത ഉദ്യോഗസ്ഥരുടെയും വിവരങ്ങള്‍ പുറത്ത് വിടണം. റിട്ടേണിങ് ഓഫിസര്‍മാരുടെ കൈകളില്‍ ബാക്കി വന്നിരിക്കുന്ന പോസ്റ്റല്‍ വോട്ടുകളുടെയും, ബൂത്ത് തലത്തിലുള്ള വിവരങ്ങള്‍ പുറത്ത് വിടണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. കൂടാതെ ഇരട്ടവോട്ടുകള്‍ എണ്ണരുതെന്ന നിര്‍ദ്ദേശം ഉദ്യോഗസ്ഥര്‍ക്ക് നല്‍കണമെന്നും കത്തില്‍ ഉന്നയിച്ചിട്ടുണ്ട.
തപാല്‍ വോട്ടുകളുടെ വിവരങ്ങള്‍ പുറത്ത് വിടണമെന്ന ആവശ്യവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. പി സി വിഷ്ണുനാഥ്, ബിന്ദുകൃഷ്ണ, അബ്ദുറഹ്മാന് രണ്ടത്താണി, പാറയ്ക്കല്‍ അബ്ദുള്ള, ബി ആര് എം ഷഫീര്‍ എന്നിവരാണ് കമ്മീഷന് പരാതി നല്‍കിയത്. തങ്ങളുടെ മണ്ഡലങ്ങളിലെ തപാല്‍ വോട്ടുകളുടെ യഥാര്‍ത്ഥ വിവരം കൈമാറണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. തപാല്‍ വോട്ടുകളുടെ സീരിയല്‍ നമ്പരുകളും പുറത്ത് വിടണമെന്നാണ് സ്ഥനാര്‍ത്ഥികളുടെ ആവശ്യം.
തപാല്‍ വോട്ട് അച്ചടികണക്കില് വലിയ വര്‍ദ്ധനവ് ഉണ്ടായതിനെത്തുടര്‍ന്നാണ് ഇങ്ങനെയൊരു ആവശ്യവുമായി സ്ഥാനാര്‍ത്ഥികള്‍ രംഗത്ത് വന്നത്. ഏഴര ലക്ഷത്തില്‍ താഴെ ആവശ്യമുള്ളിടത്ത് 10 ലക്ഷത്തോളം ബാലറ്റുകള്‍ അച്ചടിച്ചു. എന്നിട്ട് മൂന്നര ലക്ഷത്തോളം പേരുടെ വോട്ട് വീടുകളിലെത്തി രേഖപ്പെടുത്തിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട്.
പോളിംഗ് ഉദ്യോഗസ്ഥരും അവശ്യ സര്‍വീസ് വിഭാഗത്തിലുളളവരും മുഴുവന്‍ വോട്ട് രേഖപ്പെടുത്തിയാല്‍ പോലും നാല് ലക്ഷം വോട്ടില്‍ കവിയില്ല. അങ്ങനെയുള്ള സാഹചര്യത്തില്‍ 10 ലക്ഷം ബാലറ്റുകള്‍ അടിക്കാന്‍ ഇടയായ സാഹചര്യത്തെ പ്രതിപക്ഷം ചോദ്യം ചെയ്തിരുന്നു.






