
തിരുവനന്തപുരം : കണ്ണൂർ സർവകലാശാലയിലെ യുജിസിയുടെ എച്ച്ആർഡി സെന്ററിൽ അസി.പ്രഫസറുടെ സ്ഥിരം തസ്തികയിലേക്കു എ.എൻ.ഷംസീർ എംഎൽഎയുടെ ഭാര്യയെ നിയമിക്കാൻ നീക്കമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി.
ഇത് തടയണമെന്നും ഇന്റർവ്യൂ നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടു സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ഗവർണർക്കും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്കും പരാതി നൽകി.
ജൂൺ 30 നാണ് നിയമന വിജ്ഞാപനം സർവകലാശാല പുറപ്പെടുവിച്ചത്. തസ്തികകൾ യുജിസി വ്യവസ്ഥ അനുസരിച്ചു താൽക്കാലികമാണെങ്കിലും അസി. പ്രഫസറുടെ സ്ഥിരം തസ്തിക സൃഷ്ടിക്കാൻ സർവകലാശാലയ്ക്കു സർക്കാർ പ്രത്യേക അനുമതി നൽകിയിരുന്നു.
കൂടാതെ, കുസാറ്റിൽ ഒരു തസ്തികയിലേക്കുള്ള നിയമനത്തിന് ഉയർന്ന സ്കോർ പോയിന്റ് ഉള്ള പരമാവധി 10 പേരെ ഇന്റർവ്യൂവിനു ക്ഷണിക്കുമ്പോൾ കണ്ണൂരിൽ ഒറ്റ തസ്തികയ്ക്ക് 30 പേരെ ക്ഷണിക്കാൻ തീരുമാനിച്ചത് ഷംസീറിന്റെ ഭാര്യയെ കട്ട് ഓഫ് മാർക്കിനുള്ളിൽ പെടുത്തുന്നതിനാണെന്നും ആരോപണമുണ്ട്.






