
തിരുവനന്തപുരം: കോവിഡ് വ്യാപനം അതിവേഗമായതോടെ സംസ്ഥാനം പ്രാദേശിക ലോക്ക്ഡൗണിലേക്ക്. ഇന്നും നാളെയുമായി രണ്ടര ലക്ഷം പേര്‍ക്കു കോവിഡ് പരിശോധന നടത്തുന്നതോടെ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം പലയിരട്ടിയാകുമെന്ന് ആശങ്ക.
വ്യാപക പരിശോധന, കര്‍ശന നിയന്തണം, ഊര്‍ജിത വാക്സിനേഷന് എന്നീ മൂന്നു തലങ്ങളിലൂടെയുള്ള പ്രതിരോധമാണു ലക്ഷ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. അതിനിടെ, വാക്സിന് ലഭ്യത കുറഞ്ഞതോടെ മെഗാ വാക്സിനേഷന് ക്യാമ്പുകളുടെ താളം തെറ്റി.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന അടിയന്തര അവലോകനത്തിലാണു രണ്ടു ദിവസം കൊണ്ട് രണ്ടര ലക്ഷം പേരില്‍ പരിശോധന നടത്താന്‍ തീരുമാനിച്ചത്. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ബുദ്ധിമുട്ടായതിനായാണു രോഗവ്യാപനം ഏറെയുള്ളയിടങ്ങളില്‍ പ്രാദേശിക ലോക്ക്ഡൗണ്‍ വേണ്ടിവരുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ജീവന് മാത്രമല്ല, ജീവിതോപാധിയും സംരക്ഷിക്കേണ്ടതുണ്ടെന്നു മന്ത്രി പറഞ്ഞു.
നിയന്ത്രണങ്ങള്‍ കടുപ്പിച്ചാലും എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവയ്ക്കേണ്ട സാഹചര്യമില്ലെന്നു യോഗത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പരീക്ഷക്കാലമായതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ആവശ്യത്തിനു യാത്രാസൗകര്യം ഒരുക്കണം. ശാരീരിക അകലം ഉറപ്പാക്കണം. ട്യൂഷന് സെന്ററുകള്‍ രോഗവ്യാപനത്തിന് ഇടയാക്കാതിരിക്കാന്‍ മുന്‍കരുതലെടുക്കണം.
കോവിഡ് പ്രതിരോധ വാക്സിനു ക്ഷാമം അനുഭവപ്പെടുന്നതിനാല്‍ സംസ്ഥാനത്ത് ആശങ്കാജനകമായ സാഹചര്യമെന്ന് ആരോഗ്യമന്ത്രി കെ.കെ. െശെലജ. കേന്ദ്രത്തോടു കൂടുതല്‍ വാക്സിന് ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് പടരാന്‍ തെരഞ്ഞെടുപ്പ് കാരണമായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
മെഗാ വാക്സിനേഷന് ക്യാമ്പിലൂടെ എല്ലാവര്ക്കും വാക്സിന് നല്കാന് ശ്രമിക്കുന്നതിനിടെ ക്ഷാമം നന്നായി അനുഭവപ്പെടുന്നുണ്ടെന്നു കേന്ദ്ര ആരോഗ്യ മന്ത്രിയെയും ആരോഗ്യ സെക്രട്ടറിയെയും അറിയിച്ചിരുന്നു.
കേന്ദ്രം നിഷേധാത്മക നിലപാട് സ്വീകരിച്ചിട്ടില്ലെങ്കിലും 50 ലക്ഷം ഡോസ് ചോദിച്ചിട്ട് അതിന്റെ പകുതി പോലും കിട്ടിയിട്ടില്ല. കൂടുതല്‍ വാക്സിന് നല്കാന് കേന്ദ്രം തയ്യാറാകണം. വാക്സിന് നേരിട്ടുവാങ്ങാന്‍ സംസ്ഥാനങ്ങള്‍ക്കു കേന്ദ്രത്തിന്റെ സമ്മതം ആവശ്യമാണ്. സ്വകാര്യ മേഖലയില്‍ വാക്സിന് വാങ്ങാനുള്ള അനുവാദം കൂടി ലഭിച്ചാല്‍ വാക്സിനേഷന് വേഗത വര്‍ധിപ്പിക്കാന്‍ കഴിഞ്ഞേക്കും.
അടുത്ത ദിവസങ്ങളില്‍ വലിയ തോതില്‍ വാക്സിന് ലഭിച്ചില്ലെങ്കില്‍ മെഗാ വാക്സിനേഷന് പദ്ധതി അവതാളത്തിലാകും. കോവിഷീല്‍ഡ് വാക്സിന്റെ സ്റ്റോക്ക് കുറഞ്ഞതാണു പ്രശ്നം. തിരുവനന്തപുരമടക്കം അഞ്ചു ജില്ലകളിലാണു കോവീഷീല്‍ഡ് സ്റ്റോക്ക് തീര്‍ന്നത്. എറണാകുളത്തു കോവിഷീല്‍ഡ് തീര്‍ന്നെങ്കിലും കോവാക്സിന് സ്റ്റോക്കുള്ളതിനാല്‍ വാക്സിനേഷന് മുടങ്ങില്ല.
മുഖ്യമന്ത്രി വിളിച്ച അവലോകന യോഗത്തില്‍ ചീഫ് സെക്രട്ടറി വി.പി. ജോയി, ഡി.ജി.പി. ലോക്നാഥ് ബെഹ്റ, വകുപ്പു സെക്രട്ടറിമാര്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, ജില്ലാ കലക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവരും പങ്കെടുത്തു.






