
ആലപ്പുഴ: വേമ്പനാട്ട് കായലില്‍ നെടിയതുരുത്തിലെ വിവാദമായ കാപ്പിക്കോ റിസോര്‍ട്ട് പൊളിച്ചുനീക്കുന്നതിന് ആലപ്പുഴ ജില്ലാ ഭരണകൂടം നടപടികള്‍ തുടങ്ങി. പൊളിക്കല്‍ നടപടികള്‍ ഇഴഞ്ഞു നീങ്ങുന്നതിനെതിരെ പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു. ഇതിനിടെയാണ് റിസോര്‍ട്ട് പൊളിച്ചു നീക്കുന്നതിന് ആവശ്യമായ പാരിസ്ഥിതിക പ്ലാന്‍ രൂപകല്പന ചെയ്യുന്നതിന് സബ് കലക്ടറുടേയും എന്വിറോണ്മെന്റ് എന്‍ജിനീയറുടേയും നേതൃത്വത്തില്‍ പ്രത്യേക കമ്മിറ്റി രൂപവല്‍ക്കരിക്കാന്‍ ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ ഇന്നലെ ചേര്‍ന്ന യോഗം തീരുമാനിച്ചത്.
കെട്ടിടം പൊളിച്ചുനീക്കുമ്പോള്‍ ചുറ്റുമുള്ള കായലിലേക്ക് അവശിഷ്ടങ്ങള്‍ ഒട്ടും വ്യാപിക്കാതെ സൂക്ഷിക്കണമെന്ന് പ്രത്യേക നിര്‍ദ്ദേശമുള്ളതായി കലക്ടര്‍ എ. അലക്സാണ്ടര്‍ പറഞ്ഞു. പരിസ്ഥിതി പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ കെട്ടിടങ്ങള്‍ പൊളിക്കാന്‍ സ്ഫോടനം ഒഴിവാക്കാനാണ് തീരുമാനം.
യുനസ്കോയുടെ റാംസര്‍ കണ്വന്ഷന് പ്രകാരമുള്ള അന്താരാഷ്ട്ര പ്രാധാന്യമുള്ള പരിസ്ഥിതി ലോല പ്രദേശത്താണ് കാപ്പികോ റിസോര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നത്. 150 കോടി ചെലവില്‍ സെവന് സ്റ്റാര്‍ റിസോര്‍ട്ട് പണിതുയര്‍ത്താന്‍ തീരദേശ പരിപാലന നിയമം മാത്രമല്ല 1957-ലെ ഭൂസംരക്ഷണ നിയമവും ലംഘിച്ച് ഹെക്ടറുകണക്കിന് സര്‍ക്കാര്‍ ഭൂമി കൈയേറി.
തൊണ്ണൂറുകളിലാണ് സ്ഥലം വാങ്ങാന്‍ റിസോര്‍ട്ട് സംഘം ഇവിടെ എത്തിയത്. കിട്ടാവുന്നതെല്ലാം വാങ്ങിക്കൂട്ടി. പിന്നാലെ കായല്‍ കൈയേറി കരയാക്കി. അത്യാധുനിക സൗകര്യങ്ങളോടെ 50 കെട്ടിട സമുച്ചയങ്ങളാണ് ഇവിടെ പണിതുയര്‍ത്തിയത്.
പരിസ്ഥിതി പ്രവര്‍ത്തകരുടെ നിരന്തരമായ പ്രതിഷേധങ്ങളെ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ 2012-ലാണ് കാപ്പികോ കായല്‍ഭൂമി കൈയേറിയെന്ന് റവന്യൂ വകുപ്പ് കണ്ടെത്തിയത്. 2.0939 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന് സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്കി. തുടര്‍ന്ന് ചേര്‍ത്തല ഡെപ്യൂട്ടി തഹസില്‍ദാര്‍ കൈയേറ്റം സംബന്ധിച്ച് നോട്ടീസ് നല്കി.
ഇതിനെതിരേ കാപ്പികോ ഹൈക്കോടതിയില്‍ നിന്ന് അപ്പീല്‍ നല്കാന് ഉത്തരവ് നേടി. െകെയേറ്റം നടന്നതായിട്ടായിരുന്നു ആര്.ഡി.ഒ റിപ്പോര്‍ട്ട്. 7.0212 ഹെക്ടര്‍ ഭൂമിയുള്ളതില്‍ 2.0397 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. െകെയേറ്റം ഒഴിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും നടപടിയുണ്ടായില്ല. പിന്നാലെ റിസോര്‍ട്ട് പൊളിക്കാന്‍ 2013 ജൂെലെയില്‍ െഹെക്കോടതി ഉത്തരവിട്ടു.
2014-ല്‍ െഹെക്കോടതി വിധി സുപ്രീംകോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. എന്നാല്‍, െഹെക്കോടതി വിധി സുപ്രീംകോടതിയും ശരിവച്ചതോടെ പൊളിക്കലിനുള്ള സ്റ്റേയും ഇല്ലാതായിരുന്നു. പൊളിക്കുന്നതിനെതിരെ വീണ്ടും സമര്‍പ്പിച്ച അപ്പീല്‍ 2020 ജനുവരിയില്‍ സുപ്രീം കോടതി തള്ളുകയും ചെയ്തു. റിസോര്‍ട്ടിനെതിരെ നടപടി ആരംഭിച്ച ഘട്ടത്തില്‍ ഇടത്, യു.ഡി.എഫ് ജനപ്രതിനിധികളും ചില മതമേലധ്യക്ഷന്മാരും ഒപ്പുവച്ച നിവേദനം ഉടമകള്‍ക്ക് അനുകൂലമായി സമര്‍പ്പിക്കപ്പെട്ടത് വന്‍ വിവാദമായിരുന്നു. ഒരു അതിഥിയെ പോലും താമസിപ്പിക്കാനാതെയാണ് ഒടുവില്‍ ഈ റിസോര്‍ട്ട് ഇല്ലാതാകുന്നത്.






