
ന്യൂഡല്‍ഹി: കോവിഡ് രാജ്യം മുഴുവന്‍ വ്യാപിച്ച് ജനക്കൂട്ടം രോഗികളാകുകയും മരണം കൂടുകയും ചെയ്യുന്ന സാഹചര്യത്തിലും വര്‍ഗ്ഗീയത വിടാതെ ബിജെപി. ഗുജറാത്തിലെ വഡോദരയിലെ ശ്മശാനത്തില്‍ ചിതയൊരുക്കുന്നതുമായി ബന്ധപ്പെട്ട ജോലിയില്‍ നിന്നും മുസഌങ്ങളെ മാറ്റി നിര്‍ത്തണമെന്ന ബിജെപി നേതാവിന്റെ ആക്ഷേപമാണ് വിവാദമാകുന്നത്. മുസഌങ്ങളെ ശ്മശാന ജോലികളില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന ആവശ്യത്തിനെതിരേ പാര്‍ട്ടിയില്‍ നിന്നുള്ളവര്‍ തന്നെ രംഗത്ത് വന്നിട്ടുണ്ട്.
ഹിന്ദുക്കള്‍ മരിച്ചാല്‍ അവര്‍ക്ക് നല്കുന്ന അന്തിമോപചാരങ്ങളില് മുസഌങ്ങളുടെ സാന്നിദ്ധ്യം ഉണ്ടാകുന്നത് ശരിയല്ലെന്ന പാര്‍ട്ടിയുടെ നഗര പ്രസിഡന്റ് ഡോ. വിജയ് ഷാ ഉള്‍പ്പെടെയുള്ളവരുടെ ആക്ഷേപമാണ് വിവാദമായത്. വഡോദരയിലെ ഖസ്വാഡി ശ്മശാനത്തില്‍ ഒരു ബിജെപി നേതാവിന്റെ മൃതദേഹവുമായി എത്തിയപ്പോഴായിരുന്നു ഇവര്‍ മുസഌം ജീവനക്കാരെ കണ്ടതും ഇവരെ മാറ്റണമെന്ന ആവശ്യം ഉയര്‍ത്തിയതും. ശ്മശാനത്തിലെ ചിതയ്ക്ക് വേണ്ട വിറകും, ചാണക വറളിയും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ സജ്ജമാക്കുന്നത് മുസ്ളീം വിഭാഗത്തില്‍ നിന്നുള്ള കരാറുകാരാനാണെന്നാതാണ് ബിജെപി നേതാക്കളെ ചൊടിപ്പിച്ചത്. തുടര്‍ന്ന് മുസഌങ്ങളെ ശ്മശാനത്തില്‍ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് ഷാ വ്യക്തമാക്കുകയായിരുന്നു. ശ്മശാനത്തിലേക്ക് വിറകും മറ്റും നല്കുന്ന കരാറുകാരന് കൂടുതല്‍ മുസ്ളീം യുവ്ാക്കളെ ജോലിക്ക് വെച്ചിരിക്കുകയാണെന്നും ഇത് പാപമാണെന്നും ഷാ പറഞ്ഞു.
അന്തിമ ചടങ്ങുകള്‍ പോലെ ഹിന്ദുക്കളുടെ മതപരമായ കാര്യങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ഇതിനെക്കുറിച്ച് യാതൊരു അറിവുമില്ലാത്തവരാകുന്നത് അനുവദനീയമായ കാര്യമല്ല. വഡോദന ശ്മശാനം ഇനി വിറകിന്റെയും ചാണക വറളിയുടേയും കരാറുകള്‍ നല്കുമ്പോള് മറ്റു മതക്കാരെ പരിഗണിക്കരുത്. അവരെ ശ്മശാനത്തിന് പുറത്ത് നിര്‍ത്തണം ഷാ പറഞ്ഞു. എന്നാല്‍ കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ഗുജറാത്തില്‍ മരണപ്പെട്ടവരെ കൂട്ടമായി സംസ്കരിച്ച ശ്മശാനമാണ് ഖസ്വാഡി. അതേസമയം മുസ്ളീം ജീവനക്കാരുടെ സാന്നിദ്ധ്യം എതിര്‍ത്ത് പ്രതിഷേധിച്ച ജില്ലാ നേതാക്കള്‍ക്കും പാര്‍ട്ടിയില്‍ നിന്നും എതിര്‍പ്പ് ഉയര്‍ന്നു. വഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ബിജെപി നേതാക്കളാണ് രംഗത്ത് വന്നത്.
മഹാമാരിയുടെ കാലത്ത് സമുദായങ്ങള്‍ ഒരുമിച്ചാണ് പ്രവര്‍ത്തിക്കേണ്ടതെന്നും സൗഹാര്‍ദ്ദത്തോടെ പെരുമാറേണ്ട അവസരമാണ് ഇതെന്നും അതില്‍ മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തരുതെന്നും മേയര്‍ കെയൂര്‍ റൊക്കാദിയ പറഞ്ഞു. അതേസമയം മഹാമാരി തുടങ്ങിയത് മുതല്‍ കോവിഡ് ബാധിതരായി മരണമടഞ്ഞവരുടെ അന്തിമ കര്‍മ്മം മുന്നില്‍ നിന്നും നിര്‍വ്വഹിക്കുന്നവര്‍ മുസ്ളീം സന്നദ്ധ സേവകരാണ്. കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ ബന്ധുക്കളും കുടുംബാംഗങ്ങളും ക്വാറന്റീനില്‍ ആയിരിക്കുകകയും കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യവും നില നില്ക്കുമ്പോള് ഇവരാണ് ചിതയ്ക്ക് തീ കൊളുത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്തത്.
സാഹചര്യങ്ങള്‍ ഇങ്ങിനെയായിരിക്കെ നേതാക്കള്‍ എടുക്കുന്ന ഇത്തരം നിലപാടുകള്‍ അമ്പരപ്പിക്കുകയാണെന്ന് അവര്‍ പ്രതികരിച്ചു. നഗരം മുഴുവന്‍ ദുരിതപ്പെടുമ്പോള്‍ അതില്‍ മതത്തെ കണ്ടെത്താന്‍ ശ്രമിക്കുന്നത് ആക്ഷേപകരമാണ്. കഴിഞ്ഞ ഒരു വര്‍ഷമായി വഡോദര ശ്മശാനത്തില്‍ മുസഌം വിഭാഗത്തില്‍ പെട്ടവരാണ് ജോലി ചെയ്തിരുന്നത്. അതുകൊണ്ട് അവരെ തല്ക്കാലം പിരിച്ചുവിടാന്‍ നിവൃത്തിയില്ലെന്ന് വിമര്‍ശകര്‍ പറയുന്നത്. രണ്ടു ദശകമായി ഇവര്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട്. കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ വിശ്രമമില്ലാതെ ജോലി ചെയ്യുകയുമാണ്. ഇതിനകം 1000 മൃതദേഹങ്ങളെങ്കിലൂം ഇവര്‍ സംസ്ക്കരിച്ചിട്ടുണ്ടാകും. ഇന്നുവരെ ആരും ചോദ്യം ചെയ്തിട്ടില്ല. എന്തുകൊണ്ടെന്നാല്‍ ഇത് കാണാന്‍ പോലും ഇവിടാരും ഇല്ലായിരുന്നു. എന്നും പറഞ്ഞു.
അതേസമയം ഓരോ മൃതദേഹത്തിനും 600 ചാണക വറളികളും ആവശ്യമായ വിറകുകളും വേണ്ടതുണ്ട്. അത് മുസ്ളീം കരാറുകാരന് എത്തിക്കുന്നു. അതിന് അയാള്‍ 550 രൂപയും വാങ്ങുന്നുണ്ട്. ഇത് പ്രത്യേകമായി കൊടുത്ത കരാര്‍ അല്ല. അയാള്‍ സേവന സന്നദ്ധമായി ചെയ്യുന്ന കാര്യവും അല്ലെന്നും ആര്‍ക്കും ഇത്തരം വസ്തുക്കള്‍ ശ്മാശാനത്തിലേക്ക് നല്കി പണവുമായി പോകാമെന്നുമാണ് ആരോഗ്യ വിഭാഗം പറയുന്നത്. മേയര്‍ കേയുര്‍ റോക്കാഡിയയും ക്യാബിനറ്റ് മന്ത്രിയും ബിജെപിഎംഎല് യോഗേഷ് പട്ടേലുമെല്ലാം മുസ്ളീം സമുദായത്തിന് നന്ദി ഞായറാഴ്ച പറഞ്ഞിരുന്നു. മഹാമാരിക്കെതിരേ പോരാടാന്‍ പിന്തുണയുമായി ഒപ്പം നിന്നെന്നും വിവാദം കൊണ്ട് ഇപ്പോഴത്തെ കരാറുകാരനില്‍ നിന്നും കരാര്‍ മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞു.






