ഇലക്ട്രിക് ട്രക്കായ ട്രിയൊ സോറിന്റെ വിൽപന 1,000 യൂണിറ്റ് പിന്നിട്ടതായി നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം). ട്രിയൊ സോർ നിരത്തിലെത്തി ആറു മാസത്തിനകം തന്നെ ഈ വിഭാഗത്തിൽ 59% വിപണി വിഹിതം സ്വന്തമാക്കിയതായും കമ്പനി അവകാശപ്പെട്ടു. കൊറോണ വൈറസ് വ്യാപനവും ലോക്ക്ഡൗണും തുടങ്ങിയ വെല്ലുവിളികൾക്കിടെ കഴിഞ്ഞ ഒക്ടോബറിലായിരുന്നു മഹീന്ദ്ര, ലാസ്റ്റ് മൈൽ ഡെലിവരിക്കുള്ള വൈദ്യുത വാഹന(ഇ വി)മായി ട്രിയൊ സോർ അവതരിപ്പിച്ചത്.
3 വര്‍ഷം / 80,000 കിലോമീറ്റര്‍ വാറണ്ടിയുണ്ട് ലിഥിയം അയണ്‍ ബാറ്ററി പായ്ക്കിന്. ‘ട്രിയൊ’യ്ക്ക് ഒറ്റ ചാർജിൽ 265 കിലോമീറ്റർ ഓടാനാവുമെന്നാണു മഹീന്ദ്ര ഇലക്ട്രിക്കിന്റെ വാഗ്ദാനം. ‘ട്രിയൊ’യിലെ ബാറ്ററി പായ്ക്കിന് പരമാവധി എട്ടു കിലോവാട്ട് അവർ വരെ കരുത്തും 42 എൻ എമ്മോളം ടോർക്കും ഉത്പാദിപ്പിക്കാനാവും. പ്രത്യേക സോക്കറ്റില്ലാതെ തന്നെ ‘ട്രിയൊ’യുടെ ബാറ്ററി ചാർജ് ചെയ്യാനുമാവുമെന്നാണ് റിപ്പോർട്ട്. ഡ്രൈവ് ബൈ വയർ സാങ്കേതികവിദ്യ ‘ട്രിയൊ’യിൽ ലഭ്യമാണ്.
നാലു കോടിയിലേറെ കിലോമീറ്റർ ട്രിയൊ ശ്രേണി പിന്നിട്ടതായും 2,200 ടൺ കാർബൺ ഡയോക്സൈഡ് മലിനീകരണം ഒഴിവാക്കാൻ സഹായിച്ചതായുമാണു റിപ്പോർട്ട്. മഹീന്ദ്രയുടെ വൈദ്യുത ത്രിചക്രവാഹന ശ്രേണിയായ ട്രിയൊയുടെ മൊത്തം വിൽപ്പന 8,000 യൂണിറ്റ് പിന്നിട്ടു. നിലവിൽ ഈ ശ്രേണി രാജ്യത്തെ 400 ജില്ലകളിലാണു വിൽപനയ്ക്കെത്തുന്നത്.






