
ക്രെറ്റയ്ക്ക് 2026 മെയ് മാസത്തേക്കായി ഉഗ്രന്‍ ഡിസ്‌കൗണ്ട് ഓഫറുകള്‍ നിരത്തിയിരിക്കുകയാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി. ഹ്യുണ്ടായി ക്രെറ്റ ഈ മാസം 1.05 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളോടെയാണ് കമ്പനി വിറ്റഴിക്കുന്നത്. നിലവില്‍ 10.79 ലക്ഷം മുതല്‍ 20.05 ലക്ഷം രൂപ വരെയാണ് എസ്യുവിയുടെ വില വരുന്നത്. ക്രെറ്റയുടെ തിരഞ്ഞെടുത്ത വേരിയന്റുകളില്‍ അത്യാധുനിക സവിശേഷതകള്‍ ഉള്‍പ്പെടുത്തിയാണ് സമ്മര്‍ എഡിഷന്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. ഈ സ്‌പെഷ്യല്‍ എഡിഷന്‍ മോഡലിന് 12.05 ലക്ഷം രൂപ മുതല്‍ 17.89 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്‌ഷോറൂം വില വരുന്നത്.
ബേസ് മോഡല്‍ EX വരെ കൂടുതല്‍ കിടിലന്‍ ഫീച്ചറുകളോടെ സമ്മര്‍ എഡിഷനില്‍ സ്വന്തമാക്കാം. അതായത് സ്മാര്‍ട്ട് കീ, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് തുടങ്ങിയ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഹ്യുണ്ടായി വാഹനത്തെ എത്തിച്ചിരിയ്ക്കുന്നത്. ഹ്യുണ്ടായി ക്രെറ്റ EX പെട്രോള്‍ മാനുവല്‍ പതിപ്പിന് 12.05 ലക്ഷം രൂപയും ഡീസല്‍ മാനുവലിന് 13.61 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില നിശ്ചയിച്ചിരിക്കുന്നത്. എന്‍ട്രി ലെവല്‍ മോഡലുകളില്‍ പോലും കൂടുതല്‍ പ്രീമിയം സൗകര്യങ്ങള്‍ എത്തിക്കുകയാണ് കമ്പനിയുടെ പ്രധാന ഉദ്ദേശം. 13.13 ലക്ഷം മുതല്‍ 16.04 ലക്ഷം രൂപ വരെ വരുന്ന ക്രെറ്റ EX(O) സമ്മര്‍ എഡിഷനില്‍ ക്വാഡ്-ബീം എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ഡിആര്‍എല്ലുകള്‍, റിയര്‍ ക്യാമറ, റിയര്‍ സണ്‍ഷെയ്ഡ് എന്നീ ഫീച്ചറുകളും ലഭിക്കും.
അതേസമയം ക്രെറ്റ സമ്മര്‍ എഡിഷന്റെ S(O), നൈറ്റ് എഡിഷനുകളില്‍ ഡാഷ് ക്യാമറ അധികമായി നല്‍കിയിട്ടുണ്ട്. S (O) വേരിയന്റുകള്‍ക്ക് 14.19 ലക്ഷം മുതല്‍ 17.25 ലക്ഷം രൂപ വരെയും നൈറ്റ് എഡിഷന്റെ പെട്രോള്‍ പതിപ്പിന് 14.38 ലക്ഷവും ഡീസല്‍ പതിപ്പിന് 15.99 ലക്ഷം രൂപയുമാണ് മുടക്കേണ്ടി വരുന്നത്. SX സമ്മര്‍ എഡിഷനില്‍ 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഡാഷ് ക്യാമറയും അധികമായി ലഭിക്കുന്നുണ്ട്.
പെട്രോള്‍ മാനുവല്‍ വേരിയന്റിന് 15.03 ലക്ഷം രൂപയാണ് വില വരുന്നത്. SX പ്രീമിയത്തില്‍ 10.25 ഇഞ്ച് ഡിജിറ്റല്‍ ക്ലസ്റ്റര്‍, സറൗണ്ട് വ്യൂ മോണിറ്റര്‍, ബ്ലൈന്‍ഡ്-സ്പോട്ട് വ്യൂ മോണിറ്റര്‍, ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ പോലുള്ള ഫീച്ചറുകളും ചേര്‍ത്തിട്ടുണ്ട്. ഇതിന്റെ വില 16.33 ലക്ഷം മുതല്‍ 17.88 ലക്ഷം രൂപ വരെയാണ് വരുന്നത്. 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ ഇതില്‍ ലഭ്യമാണ്. ഉപഭോക്താക്കളുടെ താല്‍പ്പര്യത്തിന് അനുസരിച്ച് മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് തിരഞ്ഞെടുക്കാം.






