
യമഹയുടെ ഫാസിനോ 125 വാങ്ങാനിരിക്കുന്നവര്‍ക്ക് ചെറിയ നിരാശ നല്‍കുന്നൊരു വാര്‍ത്തയാണ് ഇപ്പോള്‍ കമ്പനിയില്‍ നിന്നും വരുന്നത്. ചില കാരണങ്ങളാല്‍ സ്കൂട്ടറിന്റെ വില വര്‍ധിപ്പിച്ചിരിക്കുകയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കള്‍. R-15, MT-15, എയ്റോക്സ് പോലുള്ള മോഡലുകള്‍ക്ക് വില പരിഷ്ക്കാരം നടപ്പിലാക്കിയതിന് പിന്നാലെയാണ് ഫാമിലി സ്കൂട്ടറായ ഫാസിനോയുടെ വിലയും ഉയര്‍ത്താന്‍ തീരുമാനിച്ചിരിയ്ക്കുന്നത്.
യമഹ ഫാസിനോയ്ക്ക് എക്സ്ഷോറൂം വിലയില്‍ 1,000 രൂപയാണ് വര്‍ധനവുണ്ടായിരിക്കുന്നത്. ടിഎഫ്ടി ഡിസ്പ്ലേയുള്ള യമഹ ഫാസിനോ എസിനും ഡിസ്ക് ബ്രേക്കുള്ള ഫാസിനോയ്ക്കും ഈ വില വര്‍ധനവ് ബാധകമാണ്. പുതിയ വിലകള്‍ പ്രാബല്യത്തില്‍ വരുന്നതോടെ ടോപ്-സ്പെക്ക് ഫാസിനോ എസിന് വില 96,200 രൂപയും ഡിസ്ക് ബ്രേക്ക് വേരിയന്റിന് ഇപ്പോള്‍ 89,000 രൂപയുമാണ് മുടക്കേണ്ടി വരിക. അതേസമയം ഫാസിനോ 125 ഡ്രം ബ്രേക്ക് വേരിയന്റ് ഇപ്പോഴും 76,500 രൂപയുടെ എക്സ്ഷോറൂം വിലയില്‍ വാങ്ങാനാവും. ലോജിസ്റ്റിക്സിന്റെയും ഇന്‍പുട്ട് മെറ്റീരിയലുകളുടെയും ചെലവ് വര്‍ധിച്ചതിനാലാണ് ഫാസിനോയുടെ വിലയും കൂട്ടേണ്ടി വന്നിരിക്കുന്നതെന്ന് യമഹ വ്യക്തമാക്കി. നിലവില്‍ യമഹ ഫാസിനോ മൂന്ന് വേരിയന്റുകളില്‍ ലഭ്യമാണ്. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ സ്കൂട്ടറിന്റെ പുതുക്കിയ മോഡല്‍ വിപണിയിലെത്തിയിരിയ്ക്കുന്നു.
പുത്തന്‍ ഫാസിനോയില്‍ റീഡിസൈന്‍ ചെയ്ത ടെയില്‍ സെക്ഷന്‍ ഉള്‍പ്പെടുത്തിയാണ് യമഹ പുറത്തിറക്കിയത്. സ്കൂട്ടറിന് കൂടുതല്‍ ഒതുക്കമുള്ള രൂപം നേടാന്‍ സഹായകരമായ ഈ ഡിസൈന്‍ ശരിക്കും ഞെട്ടിക്കുന്നതാണ്. ടെയില്‍ സെക്ഷനില്‍ ഇപ്പോള്‍ ഒരു ചെറിയ ടെയില്‍ലൈറ്റും പ്രത്യേക ടേണ്‍ ഇന്‍ഡിക്കേറ്ററുകളും കൊടുത്തിരിക്കുന്നത് പിന്നിലെ ലുക്ക് വര്‍ധിക്കാന്‍ സഹായകരമായിട്ടുണ്ട്. പിന്നിലെ മാറ്റത്തിന് പുറമെ ഫാസിനോയുടെ പഴയ രൂപം അതേപടി നിലനില്‍ക്കുകയാണ്.
8.2 bhp കരുത്തില്‍ പരമാവധി 10.3 Nm ടോര്‍ക്ക് ഉത്പാദിപ്പിക്കുന്ന അതേ 125 സിസി, സിംഗിള്‍-സിലിണ്ടര്‍, എയര്‍-കൂള്‍ഡ് എഞ്ചിന് തന്നെയാണ് ഇപ്പോഴും സ്കൂട്ടറിന്റെ ഹൃദയം. മുമ്പത്തെപ്പോലെ ഫാസിനോയില്‍ ഒരു ചെറിയ ഇലക്ട്രിക് ബൂസ്റ്റ് നല്കുന്ന ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്ററം (ISG) കൊടുത്തിട്ടുണ്ട്. സ്കൂട്ടറില്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സാങ്കേതികവിദ്യയും സൈലന്റ് സ്റ്റാര്‍ട്ട് സാങ്കേതികവിദ്യയും ഉണ്ട്.






