
കാഠ്മണ്ഡു: എവറസ്റ്റിന്റെ ബേസ് ക്യാമ്പിലുള്ള പര്വതാരോഹകന് കോവിഡ്. നോര്‍വെയില്‍ നിന്നുള്ള എര്‍ലെന്‍ഡ് നെസ് എന്ന പര്വതാരോഹകനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. കോവിഡ് സ്ഥിരീകരിച്ച വിവരം നെസ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു.
തനിക്കൊപ്പമുള്ള ഷെര്‍പയ്ക്കും കോവിഡ് സ്ഥിരീകരിച്ചതായി അദ്ദേഹം നോര്‍വീജിയന്‍ റേഡിയോ മാധ്യമത്തോട് പറഞ്ഞിരുന്നു. എവറസ്റ്റില്‍ നിന്നുള്ള കോവിഡ് രോഗികള്‍ ചികിത്സ തേടിയതായി കാഠ്മണ്ഡുവിലെ സി.ഐ.ഡബ്യു.ഇ.സി. ആശുപത്രി സ്ഥിരീകരിച്ചു. എന്നാല്‍ കൂടുതൽ വിവരങ്ങൾ പുറത്തു വിടാനാവില്ലെന്നു മെഡിക്കല്‍ ഡയറക്ടര്‍ പ്രതിവ പാണ്ഡെ എഎഫ്പിയോട് പറഞ്ഞു.
അതെ സമയം, ഇതുവരെ പര്‍വതാരോഹകര്‍ക്ക് ഇടയില്‍ കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് നേപ്പാളിലെ ടൂറിസം വകുപ്പിന്റെ വക്താവ് മീര ആചാര്യ പറയുന്നത്. ന്യുമോണിയ ബാധിതനായ ഒരാളെ പർവതത്തിൽ നിന്ന് ഒഴിപ്പിച്ചതായും ഇയാളിപ്പോൾ ചികിത്സയിലാണെന്നും മീര ആചാര്യ പറഞ്ഞു.






