
മുംബൈ : വാട്സാപ്പ് ഗ്രൂപ്പുകളിൽ ഗ്രൂപ്പ് അംഗങ്ങൾ നടത്തുന്ന അഭിപ്രായ പ്രകടനങ്ങൾക്ക് അഡ്മിൻ ഉത്തരവാദി ആകില്ലെന്ന് ബോംബെ ഹൈക്കോടതി. ബോംബെ ഹൈകോടതിയുടെ നാഗ്പുർ ബെഞ്ചിന്റേതാണ് വിധി.
ഒരു വാട്സാപ്പ് ഗ്രൂപ്പിൽവന്ന അശ്ലീല പരാമർശങ്ങളുടെ പേരിൽ അഡ്മിനെതിരേ ഗ്രൂപ്പ് അംഗമായ സ്ത്രീയുടെ പരാതിയിലെടുത്ത കേസ് റദ്ദാക്കിക്കൊണ്ടായിരുന്നു വിധി. അംഗങ്ങൾ പോസ്റ്റുചെയ്യുന്ന കാര്യങ്ങൾ മുൻകൂട്ടിക്കണ്ട് അംഗീകാരം നൽകാൻ ഗ്രൂപ്പ് അഡ്മിന് കഴിയില്ലെന്ന് ജസ്റ്റിസുമാരായ സെഡ് എ. ഹഖും എം.എ. ബൊർക്കറുമടങ്ങുന്ന ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാണിച്ചു.
അശ്ലീലപരാമർശം നടത്തിയ ആളോട് ഖേദപ്രകടനം നടത്താൻ ആവശ്യപ്പെടാനോ അയാളെ ഗ്രൂപ്പിൽനിന്ന് പുറത്താക്കാനോ അഡ്മിൻ തയ്യാറായില്ല. അതിനാൽ അഡ്മിനെതിരെ നടപടി എടുക്കണമെന്നായിരുന്നു യുവതിയുടെ ആവശ്യം. എന്നാൽ, വാട്സാപ്പ് ഗ്രൂപ്പിലെ അംഗം അധിക്ഷേപകരമായ പരാമർശം നടത്തിയാൽ അയാൾക്കെതിരേ നടപടിയെടുക്കാം എന്നല്ലാതെ ഗ്രൂപ്പ് അഡ്മിനെതിരേ നടപടിയെടുക്കാൻ വ്യവസ്ഥയില്ലെന്ന് വിധി പ്രസ്താവിച്ചു കൊണ്ട് കോടതി വ്യക്തമാക്കി.






