
കൊല്ലം: നിയമസഭ തിരഞ്ഞെടുപ്പ് ദിനത്തില്‍ കുണ്ടറയില്‍ ഇ.എം.സി.സി ഇന്ത്യ ഡയറക്ടറും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ ഷിജു വര്‍ഗീസിന്റെ വാഹനത്തിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ ഷിജു വര്‍ഗീസും തിരുവനന്തപുരം സ്വദേശികളായ ക്വട്ടേഷന്‍ സംഘത്തിലെ നാല് പേരും കസ്റ്റഡിയില്‍. ഷിജുവിനെ ഗോവയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. വോട്ടെടുപ്പ് ദിനം പുലര്‍ച്ചെയാണ് ഷിജുവിന്റെ കാറിനു നേര്‍ക്ക് പെട്രോള്‍ കുപ്പിയില്‍ നിറച്ച് എറിഞ്ഞത്.
ബൈക്കിലെത്തിയ രണ്ടു പേരാണ് ആക്രമണം നടത്തിയതെന്ന് ഷിജു പറഞ്ഞിരുന്നു. ഷിജു കാറില്‍ പെട്രോള്‍ നിറച്ച കന്നാസുമായി വരുമ്പോള്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തുവെന്നായിരുന്നു മന്ത്രിയും എതിര് സ്ഥാനാര്‍ത്ഥിയുമായ ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഷിജു തന്നെ ആക്രമണം നടത്തിയതെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. എന്നാല്‍ ഷിജുവിനെ മൊഴിയെടുക്കാനാണ് സ്റ്റേഷനില്‍ വിളിച്ചതെന്ന് പറഞ്ഞ പോലീസ് കൂടുതല്‍ വിശദീകരണം നല്‍കിയിരുന്നില്ല.
തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇത്രയും നാള് കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയിരുന്നില്ല. കണ്ടനല്ലൂര് പോലീസ് ഇന്നലെയാണ് സംഘത്തെ കസ്റ്റഡിയില്‍ എടുത്തത്്. ചാത്തന്നൂര്‍ എ.സി.പിയുടെ നേതൃത്വത്തില്‍ ഇവരെ ചോദ്യം ചെയ്തുവരികയാണ്. കേസിന്റെ വിശദാംശങ്ങള്‍ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.






