
ന്യുയോര്‍ക്ക്: കോവിഡ് 19 മഹാമാരിയുടെ ഇന്ത്യന്‍ വകഭേദമായ B.1.617 കുറഞ്ഞത് 17 രാജ്യങ്ങളില്‍ സാന്നിധ്യമറിയിച്ചുകഴിഞ്ഞുവെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ). ഇന്നലെയാണ് ഡബ്ല്യൂ.എച്ച്.ഒ GISAID ലൂടെ ഈ വിവരം പുറത്തുവിട്ടത്.
ഇന്ത്യയില്‍ ഉത്ഭവമെടുത്ത ഈ വകഭേദം ഇതിനകം തെന്ന യു.കെ, യു.എസ്, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെല്ലം എത്തിക്കഴിഞ്ഞു. ആദ്യത്തെ വകഭേദത്തെ അപേക്ഷിച്ച് കൂടുതല്‍ വേഗത്തില്‍ വ്യാപിക്കുന്നതും കൂടുതല്‍ അപകടകാരിയുമാണ് ഇന്ത്യന്‍ വകഭേദം. ഒന്നാം തരംഗത്തെ അപേക്ഷിച്ച് രണ്ടാം തരംഗം കൂടുതല്‍ വേഗത്തില്‍ വ്യാപിക്കുന്നതിന് കാരണം ഇന്ത്യന്‍ വകഭേദമാണ്. കൂടുതല്‍ പേര്‍ക്ക് മരണകാരണവുന്ന ഈ വൈറസ് വാക്സിന്റെ പ്രതിരോധശേഷി കുറയ്ക്കുമെന്ന ആശങ്കയുമുണ്ട്.
ഇന്ത്യന്‍ വകഭേദമാണ് മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളില്‍ ഏറ്റവും വേഗത്തില്‍ പടര്‍ന്നുപിടിക്കുന്നത്. രാജ്യത്ത് തുടര്‍ച്ചയായ ഏഴാം ദിവസമാണ് മൂന്ന് ലക്ഷത്തിനു മുകളില്‍ രോഗികള്‍ എത്തുന്നത്. 3.6 ലക്ഷം പേര്‍ക്ക് ചൊവ്വാഴ്ച മാത്രം കോവിഡ് സ്ഥിരീകരിച്ചു. 3200ല്‍ ഏറെ പേര് മരണമടഞ്ഞതോടെ ആകെ മരണം രണ്ട് ലക്ഷം പിന്നിട്ടു.






