
കല്‍പ്പറ്റ: കൊവിഡ് വ്യാപനം കണക്കിലെടുത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങുകയാണ് കര്‍ണാടക. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് രണ്ടാഴ്ചത്തേക്കാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ കര്ണാടകവഴിയുള്ള അന്തർസംസ്ഥാന യാത്രകൾക്കും നിയന്ത്രണം ഏർപ്പെടുത്തും. വയനാട്ടിൽ നിന്നുള്ള ചരക്കുവാഹനങ്ങള്‍ക്ക് മാത്രമെ ഇനി മുതല്‍ പ്രവേശന അനുമതി ലഭിക്കൂ എന്ന് വയനാട് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
പുതിയ നിയന്ത്രണം കർണാടകത്തിലേക്കോ, കര്‍ണാടകവഴി മറ്റു സംസ്ഥാനങ്ങളിലേക്കോ ഉള്ള ബസ് സര്‍വ്വീസുകള്‍ അടക്കം നിര്‍ത്തിവെക്കേണ്ടിവരും. പൊതു-സ്വകാര്യ വാഹനങ്ങള്‍ക്ക് സംസ്ഥാന അതിര്‍ത്തി ചെക്ക് പോസ്റ്റുകളായ മുത്തങ്ങ, ബാവലി, തോല്‍പ്പെട്ടി വഴി കര്‍ണാടകയിലേക്ക് പോകാന്‍ അനുമതി ഉണ്ടായിരിക്കില്ല. അതേ സമയം അടിയന്തര ആവശ്യങ്ങള്‍ക്കായി മതിയായ രേഖകളോടെ കര്‍ണാടകയിലേക്ക് വാഹനങ്ങള്‍ക്ക് പോകാന്‍ സാധിക്കുമെന്നും ജില്ലാ പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാര്‍ അറിയിച്ചു.
കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നതിന് നിരവധി കേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ പശ്ചാത്തലത്തില്‍ ജനങ്ങള്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ഷോപ്പുകളില്‍ ഒരേ സമയം കൂടുതല്‍ ആളുകളെ കയറ്റരുതെന്നും ആരാധനാലയങ്ങളില്‍ നിര്‍ദേശിച്ചതില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ചുക്കൊണ്ട് പ്രാര്‍ഥന നടത്തരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. വിവാഹം-മരണം എന്നീ ചടങ്ങുകളില്‍ സര്‍ക്കാര്‍ നിശ്ചയിച്ചതില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കരുത്. കണ്ടൈന്‍മെന്റ് സോണുകളില്‍ പോലീസ് നിയന്ത്രണം കര്‍ശനമാക്കിയതായും നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.






