
കൊച്ചി : പീഡനക്കേസുകളിൽ ഇരകളെ പ്രതികൾതന്നെ വിവാഹം കഴിച്ചതിന്റെ പേരിൽ റദ്ദാക്കിയ പോക്സോ കേസുകളിൽ വിധി പിൻവലിച്ചു. സമാനമായ അഞ്ചു കേസുകളിലെ വിധികളാണ് ഇന്നലെ പിൻവലിച്ചത്.
സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണു വിധികൾ ഹൈക്കോടതി പിൻവലിച്ചത്. പീഡനമുൾപ്പെടെയുള്ള കേസുകൾ ഇത്തരത്തിൽ പ്രതിയും ഇരയും തമ്മിലുള്ള ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽ റദ്ദാക്കരുതെന്ന സുപ്രീം കോടതിയുടെ വിധി കണക്കിലെടുത്താണ് വിധികൾ പിൻവലിച്ചത്.
കേസുകൾ മധ്യവേനലവധിക്കുശേഷം പരിഗണിക്കും. പീഡിപ്പിച്ച പെൺകുട്ടിയെ വിവാഹം കഴിച്ചെന്നും പോക്സോ കേസ് റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് പ്രതി നൽകിയ ഹർജിയിൽ കേസിൽ തുടർ നടപടികൾ റദ്ദാക്കിയ ഉത്തരവ് കഴിഞ്ഞ ദിവസം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ദമ്പതികളുടെ ക്ഷേമം കണക്കിലെടുത്തായിരുന്നു സിംഗിൾബെഞ്ച് ഹർജി അനുവദിച്ചത്.






