
ന്യൂഡല്‍ഹി: പ്രളയകാലത്ത് വിദേശസഹായം സ്വീകരിക്കുന്നതില്‍ നിന്നും കേരളത്തിന് തടയിട്ട കേന്ദ്രം മഹാമാരി പ്രതിസന്ധി സൃഷ്ടിക്കുമ്പോള്‍ ആ നയം തിരുത്താനൊരുങ്ങുന്നു. രാജ്യത്ത് ഓക്സിജന്‍ കിട്ടാക്കനിയായി മാറുന്ന സാഹചര്യത്തില്‍ ഒന്നര ദശാബ്ദമായി പിന്തുടരുന്ന സ്വയം പര്യാപ്തതാ വാദം തള്ളി വിദേശസഹായം സ്വീകരിക്കാനൊരുങ്ങുകയാണ്.
ഓക്സിജന്‍ ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ വിദേശത്തു നിന്നുള്ള മരുന്നുകളും സംഭാവനകളും സ്വീകരിക്കാന്‍ വേണ്ടി നയം താത്ക്കാലികമായി മോഡി സര്‍ക്കാര്‍ മാറ്റി വെയ്ക്കുകയാണ്. അമേരിക്കയും അയല്‍രാജ്യമായ ഭൂട്ടാനും അടക്കം കോവിഡ് പ്രതിസന്ധിയില്‍ ഇതുവരെ 20 ലേറെ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് സഹായവാഗ്ദാനവുമായി രംഗത്തെത്തിയിട്ടുള്ളത്.
അമേരിക്ക ആസ്ട്രസെനിക്ക വാക്സിന് നല്കാന് തയ്യാറാകുമ്പോള്‍ ഭൂട്ടാനില്‍ നിന്നുള്ള വാഗ്ദാനം ഓക്സിജനാണ്. ഇവര്‍ക്ക് പുറമേ യു.കെ, ഫ്രാന്‍സ്, ജര്‍മനി, റഷ്യ, അയര്‍ലാന്‍ഡ്, ബെല്‍ജിയം, റൊമാനി, ലക്സംബര്‍ഗ്, പോര്‍ച്ചുഗല്‍, സ്വീഡന്, ഓസ്ട്രേലിയ, സിംഗപൂര്‍, സൗദി അറേബ്യ, ഹോങ്കോങ്, തായ്ലാന്ഡ്, ഫിന്‍ലാന്‍ഡ്, സ്വിറ്റ്സര്‍ലാന്‍ഡ്, നോര്‍വേ, ഇറ്റലി, യുഎഇ, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളും സഹായവുമായി പടിക്കല്‍ തന്നെയുണ്ട്.
ഇന്ത്യ സ്വയം പര്യാപ്തമായെന്നും വിദേശത്തു നിന്നുള്ള സഹായങ്ങള്‍ സ്വീകരിക്കേണ്ടതില്ലെന്നും രാജ്യം തീരുമാനിച്ചത് 2004 ലായിരുന്നു. മന്മോഹന് സിംഗിന്റെ യുപിഎ സര്‍ക്കാര്‍ എടുത്ത തീരുമാനം പിന്നീട് നരേന്ദ്രമോഡി സര്‍ക്കാര്‍ പിന്തുടരുകയായിരുന്നു. 2004 ഡിസംബറില്‍ ഇന്ത്യന്‍ തീരങ്ങളില്‍ വന്‍ നാശം വിതച്ച സുനാമിക്ക് ശേഷം സ്വീകരിച്ച നയം പ്രളയകാലത്ത് കേരളത്തിന് വലിയ തിരിച്ചടിയാകുകയും ചെയ്തിരുന്നു.
2018 ഓഗസ്റ്റില്‍ കേരളത്തിലെ പ്രളയ സഹായമായി യുഎഇയില്‍ നിന്നും കിട്ടുമായിരുന്ന 700 കോടി രൂപയുടെ സഹായവാഗ്ദാനം കേന്ദ്രം നിഷേധിച്ചിരുന്നു. ഇക്കാര്യത്തില്‍ കേരളവും കേന്ദ്രവും തമ്മില്‍ വലിയ വാഗ്വാദവും നടന്നെങ്കിലും കേരളത്തിന്റെ ആവശ്യം തള്ളി വിദേശസഹായം സ്വീകരിക്കാന്‍ ആകില്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. കോവിഡ് മഹാമാരിയില്‍ ശ്വാസംമുട്ടി അനേകര്‍ മരണമടയുകയും വിദേശസഹായം അനിവാര്യമായി വരികയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ ചൈനയടക്കമുള്ളവരുടെ സഹായം സ്വീകരിക്കാനാണ് നയം തിരുത്തുന്നത്.
സുനാമിക്ക് മുമ്പ് 1991 ലെ ഉത്തര്‍കാശി ഭൂചലന മുതല്‍ 2004 ലെ ബീഹാര്‍ പ്രളയം വരെ ഇന്ത്യയ്ക്ക് വിദേശ സഹായം കിട്ടിയിരുന്നു. ലത്തൂര്‍ ഭൂകമ്പം, ഗുജറാത്ത് ഭൂകമ്പം, ബംഗാള്‍ ചുഴലിക്കാറ്റ് , ബിഹാര്‍ പ്രളയം എന്നിവയ്ക്കെല്ലാം സഹായം സ്വീകരിക്കുകയും ചെയതു. എന്നാല്‍ 2004 ഡിസംബറില്‍ ഉണ്ടായ സുനാമിക്ക് ശേഷം മന്മോഹന് സര്‍ക്കാര്‍ പുതിയ നയം സ്വീകരിക്കകയും 2005 ലെ കശ്മീര്‍ ഭൂകമ്പം, 2013 ലെ ഉത്തരാഖണ്ഡ് പ്രളയം 2014 ല്‍ ഉണ്ടായ കശ്മീര്‍ പ്രളയം എന്നിവയില്‍ വിദേശ സഹായം നിരസിക്കുകയും ചെയ്തിരുന്നു.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇതിനകം വിദേശത്ത് നിന്നും പല സഹായങ്ങളും സ്വീകരിച്ച ഇന്ത്യ പ്രധാനമന്ത്രിയുടെ പിഎം കെയേഴ്സ് ഫണ്ട് വഴിയും ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി വഴിയും വിദേശസഹായങ്ങള്‍ സ്വീകരിക്കാന്‍ പദ്ധതിയിടുന്നുണ്ട്. ഇക്കാര്യം സര്‍ക്കാര്‍ ഔദ്യോഗികമായി വിദേശസര്ക്കാറുകളോട് അഭ്യര്‍ത്ഥിക്കുമെന്നും സൂചനയുണ്ട്. നിലവില്‍ റെഡ്ക്രോസ് പോലുള്ള സന്നദ്ധ സംഘടനകള്‍ വഴിയാണ് രാജ്യത്തേക്ക് വിദേശത്തു നിന്നുള്ള സംഭാവനകള്‍ വരുന്നത്.
അയല്‍രാജ്യങ്ങളില്‍ ഭൂട്ടാന്റെ ഓക്സിജന്‍ വാഗ്ദാനം ഇന്ത്യ സ്വീകരിച്ചിട്ടുണ്ട്. കോവിഡിന്റെ ആക്രമണം ആദ്യം നേരിട്ട ചൈനയും ഇന്ത്യയ്ക്ക് 25000 ഓക്സിജന്‍ കോണ്‍സന്റ്രേറ്ററുകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ചൈനയില്‍ നിന്ന് സഹായം സ്വീകരിക്കുന്നതില്‍ പ്രശ്നമില്ലെന്ന നിലപാട് എടുത്തിരിക്കുന്ന കേന്ദ്രം പക്ഷേ പാകിസ്താന് വാഗ്ദാനം ചെയ്തിട്ടുള്ള സഹായം സ്വീകരിക്കുന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വരുത്തീയിട്ടില്ല.






