
തൃശൂര്‍ : കൊടകര കുഴല്‍പ്പണ കവര്‍ച്ചാസംഭവത്തില്‍ പണം കൊടുത്തുവിട്ടത് ആര്.എസ്.എസുകാരനാണെന്നു പോലീസ് വ്യക്തമാക്കിയതോടെ സംഘ്പരിവാര്‍ നേതൃത്വം വിയര്‍ക്കുന്നു. സംസ്ഥാനത്ത് എല്‍.ഡി.എഫ്. തുടര്‍ഭരണം നേടിയാല്‍ കുരുക്കുമുറുക്കുമെന്ന ആശങ്കയിലാണ് ബി.ജെ.പി. നേതൃത്വം. ലാവ്ലിന്- സ്വര്‍ണക്കടത്ത് കേസിലടക്കമുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നടക്കവെ കുഴല്‍പ്പണ കവര്‍ച്ചാക്കേസ് സി.പി.എമ്മിന് പ്രതിരോധവുമാകും.
സംസ്ഥാന ഭരണത്തില്‍ സ്വാധീനമുള്ള ഉന്നത നേതാവിന്റെ മകന്റെ കേസുമായി ബന്ധപ്പെട്ടു നേരത്തെ ബി.ജെ.പി. കേന്ദ്ര നേതൃത്വം ധാരണയിലെത്തിയതായി സൂചനയുണ്ട്. ഇയാള്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുന്ന രീതിയിലായിരുന്നു ധാരണ. ഈ സാഹചര്യത്തില്‍ കുഴല്‍പ്പണ വേട്ട ഉന്നതതലങ്ങളിലേക്ക് നീട്ടാന്‍ സി.പി.എം. തയാറാകില്ലെന്നാണു ബി.ജെ.പി. കരുതുന്നത്.
അതേസമയം സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കുന്ന ഒട്ടേറെ കേസുകളില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ സമ്മര്‍ദതന്ത്രമായി കുഴല്‍പ്പണ കവര്‍ച്ചാക്കേസിനെ സി.പി.എം. ഉപയോഗിക്കുമോയെന്നാണു ബി.ജെ.പി. നേതാക്കളുടെ ആശങ്ക.
ലാവ്ലിന് കേസില്‍ വിചാരണ ആവശ്യപ്പെട്ട് സി.ബി.ഐ. സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാനിരിക്കുകയുമാണ്. കുഴല്‍പ്പണം വാഹനത്തില്‍ കൊടുത്തുവിട്ട ധര്മരാജന് സംഭവശേഷം ആദ്യം വിളിച്ച ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയ പോലീസ് ഉന്നത രാഷ്ട്രീയ നേതാവിലേക്കാണ് എത്തിയത്. ഇതോടെ ഈ നേതാവിന്റെ എതിര്‍ഗ്രൂപ്പുകാര്‍ ആഹ്ളാദത്തിലുമാണ്. പണം കൊടുത്തു വിട്ടത് പാര്‍ട്ടി പ്രവര്ത്തനങ്ങള്ക്കാണെങ്കിലും പ്രതിസന്ധി നേതാവ് സ്വയം പരിഹരിക്കട്ടെയെന്നാണ് എതിര്‍ഗ്രൂപ്പിന്റെ നിലപാട്.
കുഴല്പ്പണസംഭവത്തില് പ്രതിക്കൂട്ടിലായ ബി.ജെ.പി. തൃശൂര്‍ ജില്ലാ ഘടകത്തിലും വിഭാഗീയത രൂക്ഷമായി. തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ ജില്ലാ ഘടകത്തിന്റെ സാമ്പത്തിക- പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ച രണ്ട് നേതാക്കളാണ് ആരോപണവിധേയര്‍. നേരത്തെ സംഘടനാവിരുദ്ധ പ്രവര്‍ത്തനത്തിന് മാറ്റിനിര്‍ത്തപ്പെട്ടിരുന്ന ഉത്തരമേഖലാ ചുമതല വഹിക്കുന്ന നേതാവും ആരോപണ വിധേയനാണ്.
ഇവരിലേക്ക് അന്വേഷണം എത്തിയേക്കുമെന്ന ആശങ്കയില്‍ എതിര്ഗ്രൂപ്പുകാര്ക്കെതിരേ ഓണ്‍ലൈന്‍ വാര്‍ത്തയും സോഷ്യല്‍മീഡിയാ പോസ്റ്റും സൃഷ്ടിച്ച് ആരോപണ വിധേയരെ അനുകൂലിക്കുന്നവര്‍ സജീവമായതോടെ വിഭാഗീയത അതിരുവിട്ടതായാണ് ആര്.എസ്.എസ്. വിലയിരുത്തല്‍. ഇതവസാനിപ്പിക്കണമെന്നു ബി.ജെ.പിയിലെ ഇരു വിഭാഗങ്ങള്‍ക്കും ആര്.എസ്.എസ്. നിര്‍ദേശം നല്‍കിയിട്ടുണ്ട്.






