
കൊച്ചി : വൈഗ കൊലക്കേസിലെ പ്രതി സനുമോഹനെ നാലു ദിവസത്തേക്ക് കൂടി പോലീസ് കസ്റ്റഡിയില്‍ വിട്ടു. തെളിവെടുപ്പ് പൂര്‍ത്തിയാകാത്തതിനാല്‍ കസ്റ്റഡി നീട്ടണമെന്ന ആവശ്യം കാക്കനാട് മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചു.
നേരത്തെ പത്തു ദിവസം കസ്റ്റഡി അനുവദിച്ചിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസില്‍ സനുമോഹന്റെ അറസ്റ്റ് രേഖപ്പെടുത്താനുള്ള മുംബൈ പോലീസിന്റെ അപേക്ഷ കോടതി പരിഗണിച്ചില്ല.
സനു മോഹന്റെ ഭാര്യ രമ്യയുടെ ആലപ്പുഴയിലെ വീട്ടിലും മകള്‍ വൈഗക്ക് അവസാനമായി ഭക്ഷണം വാങ്ങി നല്കിയ അരൂരിലെ ഹോട്ടലിലെയും തെളിവെടുപ്പു പൂര്‍ത്തിയായിട്ടില്ല. മറ്റു സംസ്ഥാനങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ നിന്ന് ഇയാളുടെ മറ്റ് ഇടപാടുകള്‍ സംബന്ധിച്ചു എന്തെങ്കിലും വിവരം ലഭിച്ചിട്ടുണ്ടോ എന്നു കൂടി പരിശോധിക്കും.
സനുവിന്റെ ഇടപാടുകളില്‍ ദുരൂഹതയുണ്ടെന്നാണു അന്വേഷണസംഘത്തിന്റെ നിഗമനം. ഭാര്യയേയും മകളെയും ഒഴിവാക്കി പുതിയ ജീവിതം നയിക്കാനാണു ഇയാള്‍ ശ്രമിച്ചതെന്നു പോലീസിന്റെ നിഗമനം. ഭാര്യയും ഇതിനു സമാനമായ മൊഴിയാണു നല്‍കിയത്.
പണം കൊടുക്കാനുള്ളവരെ കബളിപ്പിക്കാനാണ് മകളെ കൊന്നതെന്നും ആള്‍മാറാട്ടം നടത്തി ജീവിക്കാനായിരുന്നു പദ്ധതിയെന്നും പോലീസ് കരുതുന്നു. എന്നാല്‍, സനുവിനു മറ്റു സ്ത്രീകളുമായി ബന്ധമുള്ളതായി തനിക്കറിവില്ലെന്നാണു ഭാര്യ പോലീസിനോടു പറഞ്ഞത്. സനുമോഹനെ ഭാര്യയോടൊപ്പം ഇരുത്തി പോലീസ് ചോദ്യം ചെയ്തിരുന്നു. ആദ്യം പറഞ്ഞ കാര്യങ്ങളില്‍ അവര്‍ ഉറച്ചു നില്‍ക്കുകയാണ്.
സനുവിന്റെ പല കാര്യങ്ങളും തനിക്കറിയില്ലായിരുന്നുവെന്നാണു ഭാര്യയുടെ വാദം. മകള്‍ക്കു ഫോണ്‍ വാങ്ങി നല്‍കിയതിനെച്ചൊല്ലി ഭാര്യയുമായി തര്‍ക്കമുണ്ടായിരുന്നു എന്നു സനു മോഹന്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. കുടുംബ ചെലവുകള്‍ താങ്ങാന്‍ കഴിയാവുന്നതിനു അപ്പുറമായിരുന്നു എന്നും ഇയാള്‍ നല്കിയ മൊഴിയില്‍ പറയുന്നു.
കൊക്കക്കോളയില്‍ മദ്യം കലര്‍ത്തി നല്‍കിയതാണു വൈഗയുടെ ശരീരത്തില്‍ മദ്യത്തിന്റെ അംശം എത്തിയതെന്നു സംശയിക്കുന്നു. എന്നാല്‍, സനു സമ്മതിച്ചിട്ടില്ല. വൈഗയെ കൊല്ലാന്‍ സാമ്പത്തിക പ്രശ്നമല്ലാതെ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നതും പരിശോധിക്കുന്നുണ്ട്.
കേസന്വേഷണത്തില്‍ ഇതുവരെ ഉണ്ടായിരുന്ന വിവരങ്ങള്‍ രമ്യയും കുടുംബാംഗങ്ങളെയും ബോധ്യപ്പെടുത്തി. ഇതിനുവേണ്ടി കൂടിയായിരുന്നു ഇവരെ വിളിച്ചുവരുത്തുകയും ഇവരുടെ സാന്നിധ്യത്തില്‍ സനു മോഹനനെ ചോദ്യം ചെയ്യുകയും ചെയ്തത്. പലതവണ ആത്മഹത്യക്ക് ശ്രമിച്ചുവെന്ന സനു മോഹന്റെ മൊഴി കള്ളമാണെന്നും തിരിച്ചറിഞ്ഞു.






