
കോഴിക്കോട് : കേരളത്തിലെ നിമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്രം തിരുത്തിയെഴുതി ഭരണതുടര്‍ച്ചയുമായി എല്‍ഡിഎഫ് അധികാരം പിടിച്ചപ്പോള്‍ ഇത്രയും വലിയ തിരിച്ചടി യുഡിഎഫ് ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ ഒട്ടേറെ ആയുധങ്ങള്‍ കൈവശം ഉണ്ടായിട്ടും അനുകൂല സാഹചര്യം എങ്ങിനെ മാറി മറിഞ്ഞെന്ന് ഇപ്പോഴും അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ്.
യുഡിഎഫിന്റെ വര്ണ്ണരാഷ്ട്രീയത്തിന്റെ അടിസ്ഥാനശിലയായ മലപ്പുറത്തെയും മദ്ധ്യകേരളത്തിലെയും ക്രിസ്ത്യന്‍ - മുസ്ളീം ന്യൂനപക്ഷ വോട്ടുകളില്‍ ഉണ്ടായ ഇടിവ് ശക്തമായി തിരിച്ചടിച്ചെന്നാണ് ആദ്യ വിലയിരുത്തല്‍. മലപ്പുറത്തെ ന്യൂനപക്ഷ വിഭാഗങ്ങളും മദ്ധ്യകേരളത്തിലെ ക്രിസ്ത്യന്‍ വോട്ടുകളുമായി 46 ശതമാനത്തോളം വരുന്ന വോട്ടുകളായിരുന്നു യുഡിഎഫിന്റെ വലിയ പ്ലാറ്റ്ഫോം. അതില്‍ പകുതിയും എല്‍ഡിഎഫിനൊപ്പം പോയി.
2011 ലെ സെന്‍സസ് അനുസരിച്ച് 26.6 ശതമാനം വരുന്ന മലബാറിലെ മുസഌം വോട്ടുകളും 18.4 ശതമാനം വരുന്ന മദ്ധ്യകേരളത്തിലെ ക്രിസ്ത്യന്‍ വോട്ടുകളുമാണ് യുഡിഎഫ് നെയ്തെടുക്കാന്‍ 1970 കളില്‍ സഹായകരമായത്. ഇവ പരമ്പരാഗതമായി കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും വോട്ടുകളായിരുന്നു. ഇതിനൊപ്പം വിവിധ സമുദായങ്ങളിലായി കിടക്കുന്ന മാര്‍ക്സിസ്റ്റ് വിരുദ്ധ വോട്ടുകളുമായിരുന്നു യുഡിഎഫിനെ തുണച്ചിരുന്നത്.
നാലു ദശകമായി കേരള രാഷ്ട്രീയത്തില്‍ എല്‍ഡിഎഫിന് എല്ലാക്കാലത്തും ഭീഷണി ഉയര്‍ത്തുന്ന യുഡിഎഫിന്റെ ഘടകമായിരുന്നു ഇത്. എന്നാല്‍ ഇത്തവണ തങ്ങളുടെ വോട്ടുബാങ്കായി യുഡിഎഫ് കരുതുന്ന മേഖലകളില്‍ കടന്നുകയറാനായതായിരുന്നു എല്‍ഡിഎഫിന്റെ നേട്ടം. 66 മണ്ഡലങ്ങളിലെ വിധി നിര്‍ണ്ണയിക്കാന്‍ നിര്‍ണ്ണായകമായത് മുസ്ളീം വോട്ടുകളായിരുന്നു. ഇവയില്‍ 45 ലും എല്‍ഡിഎഫ് ജയിക്കുകയും ചെയ്തു. ഇത് മുസഌംലീഗിന് പോലും തിരച്ചടിയുണ്ടാക്കി. 2016 ല്‍ നിന്നും അവരുടെ സീറ്റുകളിലും കുറവ് വന്നു. യുഡിഎഫ് ജയിച്ച 21 സീറ്റുകളില്‍ 20 മലബാറിലാണ്.
ഇതിനര്‍ത്ഥം തെക്കന്‍ കേരളത്തിലും മദ്ധ്യകേരളത്തിലും മുസ്ളീം വോട്ടുകള്‍ എല്‍ഡിഎഫില്‍ കേന്ദ്രീകരിക്കപ്പെട്ടു എന്നതാണ്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന ദേശീയ പൗരത്വ റജിസ്റ്ററിനും പൗരത്വ ഭേദഗതി നിയമത്തിനും എതിരേയുള്ള പ്രതിഷേധങ്ങളെ പിന്തുണച്ചതും ന്യൂനപക്ഷങ്ങളില്‍ നിന്നുള്ള വന്‍ പിന്തുണ എല്‍ഡിഎഫിന് ആര്‍ജ്ജിക്കാനായത് ഇതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നായി വിദഗദ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് വന്‍ നീക്കങ്ങള്‍ എല്‍ഡിഎഫ് നടപ്പാക്കി. വോട്ടെടുപ്പ് നടന്ന ഏപ്രില്‍ 6 ന് മുഴുപേജ് പരസ്യമാണ് മുസ്ളീം മാനേജ്മെന്റില്‍ വരുന്ന പത്രങ്ങള്‍ക്ക് എല്‍ഡിഎഫ് നല്‍കിയത്. ദേശീയ പൗരത്വ റജിസ്റ്ററോ പൗരത്വ ഭേദഗതി നിയമമോ നടപ്പാക്കില്ലെന്നും കേരളത്തില്‍ അതിന്റെ പേരില്‍ കരുതല്‍ തടങ്കലും ഉണ്ടാകില്ലെന്ന് ഇതില്‍ കൃത്യമായി രേഖപ്പെടുത്തുകയും ചെയ്തു.
അതുപോലെ തന്നെയാണ് മദ്ധ്യകേരളത്തില്‍ പള്ളികളുടെ സഹായവും എല്‍ഡിഎഫിന് ഗുണകരമായി. ഇത് ഒറ്റരാത്രി കൊണ്ടു സംഭവിച്ച കാര്യമല്ല. യുഡിഎഫില്‍ മുസഌംലീഗിന് കൂടുതല്‍ പ്രാതിനിധ്യം നല്കുന്നതില് കുറേക്കാലമായി സഭകള്‍ യുഡിഎഫിനോട് പ്രതിഷേധത്തിലായിരുന്നു.
ഉമ്മന്‍ചാണ്ടിയുടെ മകന് തുര്‍ക്കിയിലെ ഹഗിയാ സോഫിയയുമായി ബന്ധപ്പെട്ടുത്തി നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് സഭകളും ബിഷപ്പുമാരും ശക്തമായി രംഗത്ത് വന്നിരുന്നു. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ വിജയത്തില്‍ യാക്കോബായ സഭയുടെ നിലപാട് നിര്‍ണ്ണായകമായിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് പള്ളിത്തര്‍ക്കത്തില്‍ ബിജെപി നേതാക്കള്‍ യാക്കോബായ സഭയുമായി ചര്‍ച്ചകള്‍ നടത്തിയത്. എന്നാല്‍ അവസാന നിമിഷം സഭകള്‍ എല്‍ഡിഎഫിനൊപ്പം തന്നെ ചേരുകയും ചെയ്തു.






