
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബംഗാളില്‍ നടക്കുന്ന അക്രമത്തില്‍ പ്രതിഷേധിച്ച് നാളെ നടത്താനിരിക്കുന്ന ദേശീയ ധര്‍ണ്ണയില്‍ ബിജെപിയ്ക്ക് വിമര്‍ശനം. തൃണമൂല്‍ കോണ്‍ഗ്രസിനോട് ബിജെപി തകര്‍ന്നടിഞ്ഞതിന് പിന്നാലെയായിരുന്നു ബംഗാളില്‍ അക്രമസംഭവങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്.
അതേസമയം കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും ധര്ണ്ണയെന്നാണ് ബിജെപി പറഞ്ഞിരിക്കുന്നത്. എന്നാല്‍ വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ബിജെപിയ്ക്ക് പുറമേ മറ്റു പാര്‍ട്ടികളും കോവിഡ് പ്രോട്ടോകോള്‍ കാറ്റില്‍ പറത്തി വന്‍ ജനക്കൂട്ടമാണ് ഉണ്ടായത്. അതേസമയം ബിജെപിയുടെ ഉറപ്പിനെ വിമര്‍ശിച്ച് മഹാരാഷ്ട്രയില്‍ അവരുടെ ഏറ്റവും വലിയ എതിരാളിയായ ശിവസേന രംഗത്ത് വന്നിട്ടുണ്ട്. മഹാരാഷ്ട്രയില്‍ നിന്നുള്ള ശിവസേനയുടെ രാജ്യസഭാ എംപി പ്രിയങ്കാ ചതുര്‍വേദി രംഗത്ത് വന്നിട്ടുണ്ട്. ട്വിറ്ററില്‍ അവര്‍ ബിജെപിയെ പരിഹസിച്ചു.
രാജ്യം മുഴുവന്‍ കോവിഡിന്റെ അതിവ്യാപനം സൃഷ്ടിക്കുന്ന ധര്ണ്ണകളാണ് നമുക്കിപ്പോള്‍ ആവശ്യമെന്നും ബിജെപിയുടെ നോട്ടത്തില്‍ രാജ്യത്തിന് കോവിഡ് രോഗികള്‍ ഇത് പോരെന്നാണ് വെയ്പ്പെന്നും പ്രിയങ്ക പരിഹസിച്ചു. പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തില്‍ മെയ 5 ന് ബിജെപി രാജ്യവ്യാപകമായി ധര്‍ണ്ണ നടത്തുന്നതായി കഴിഞ്ഞ ദിവസമാണ് ബിജെപി പ്രഖ്യാപിച്ചത്. കോവിഡിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് ആയിരിക്കുമെന്നും ബിജെപി പറഞ്ഞിരുന്നു.
എന്നാല്‍ കഴിഞ്ഞ രണ്ടുമാസമായി കോവിഡിന്റെ രണ്ടാം തരംഗത്തില്‍ രാജ്യം വലയുകയാണ്. 24 മണിക്കൂര്‍ കണക്കില്‍ തിങ്കളാഴ്ച രാവിലെ വരെ പുതിയ രോഗികളുടെ എണ്ണം 3.68 ലക്ഷമാണ്. മരണം 3,400 ും. ഇതോടെ ഇപ്പോള്‍ ചികിത്സയിലുള്ളവരുടെ എണ്ണം 34.1 ലക്ഷമായി. കോവിഡിന്റെ ഈ തരംഗത്തിനിടയിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോഡി അടക്കമുള്ളവര്‍ ബംഗാളില്‍ വന്‍ ജനാവലിയെ പങ്കെടുപ്പിച്ച് തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട റാലികള്‍ നടത്തിയതെന്നും ഇത് തിരിച്ചടി സൃഷ്ടിച്ചെന്നുമാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍.
പതിനായിരക്കണക്കിന് ആള്‍ക്കാരാണ് മാസ്ക്കോ സാമൂഹ്യ അകലമോ പാലിക്കാതെ റാലികളില്‍ പങ്കെടുത്തത്. പ്രചരണത്തിന് ശേഷം ആസ്സാമിലും തമിഴ്നാട്ടിലും ബംഗാളിലുമെല്ലാം കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. ഇതിനൊപ്പം ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നടന്ന കുംഭമേള പോലെയുള്ള മതപരമായ ചടങ്ങുകളും രോഗവ്യാപ്തി കൂടിയെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
കുംഭമേളയില്‍ 70 ലക്ഷം പേര് പങ്കെടുത്തതായിട്ടാണ് പിടിഎ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഗത്തിന്റെ അതിവ്യാപനം ആതുരമേഖലയിലും വലിയ പ്രതിസന്ധിയുണ്ടാക്കി. മരുന്നുകളുടെയും ബെഡ്ഡുകളുടെയും ജീവന്‍രക്ഷാ ഉപകരണങ്ങളുടെയും ലഭ്യത കുറയാനും മെഡിക്കല്‍ ഓക്സിജന്‍ പോലെയുള്ള കാര്യങ്ങളുടെ കുറവ് അനേകം ജീവനുകള്‍ എടുക്കുകയും ചെയ്തു.






