
കൊല്‍ക്കത്ത: രാഷ്ട്രീയമായി എതിര്‍ക്കുന്നുണ്ടെങ്കിലും ഇടതു പാര്‍ട്ടികള്‍ സമ്പൂര്‍ണ്ണമായി പരാജയപ്പെടണമെന്ന് താന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്ന്് ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി. ബംഗാള്‍ തെരഞ്ഞെടുപ്പില്‍ താന്‍ പരാജയപ്പെട്ടെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസിനെ 200 സീറ്റിന് മുകളിലേക്ക് ഉയര്‍ത്താന്‍ മമതയുടെ പ്രചരണത്തിന് കഴിഞ്ഞിരുന്നു. എന്നാല്‍ ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും ഒന്നിച്ച സഖ്യത്തിന് ഒരു സീറ്റ് പോലും നേടാനാകാതെ സമ്പൂര്‍ണ്ണ പരാജയമാണ് നേരിട്ടത്.
34 വര്‍ഷം ബംഗാള്‍ ഭരിച്ച ഇടതുപക്ഷം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പൂര്‍ണ്ണ പരാജയം അറിഞ്ഞതിനു പിന്നാലെയാണ് മമതയുടെ പ്രതികരണം. രാഷ്ട്രീയമായി താന്‍ എതിര്‍ചേരിയിലാണെങ്കിലും അവരെ പൂജ്യത്തില്‍ കാണാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും ബിജെപിയുടെ സ്ഥാനത്ത് ഇടതുപാര്‍ട്ടികള്‍ വിജയിക്കുന്നതായിരുന്നു നല്ലതെന്നും നിയമസഭയില്‍ പ്രതിപക്ഷത്ത് ബിജെപിയ്ക്ക് പകരം കൂടുതല്‍ താല്‍പ്പര്യം ഇടതുപക്ഷമാണെന്നും പറഞ്ഞു.
ബിജെപിയ്ക്ക് ഗുണമായത്് ഇടതുപക്ഷത്തിന്റെ തകര്‍ച്ചയാണ്. അവര്‍ സ്വയം വില്‍പ്പനചരക്കാക്കി വെറും ദിശാബോര്‍ഡ് മാത്രമായി. ഇതിനെക്കുറിച്ച് അവര്‍ തന്നെ ഗൗരവമായി ചിന്തിക്കേണ്ടതുണ്ടെന്നും പറഞ്ഞു. ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം ഇതാദ്യമായിട്ടാണ് ബംഗാള്‍ നിയമസഭയിലെ 294 സീറ്റുകളില്‍ കോണ്‍ഗ്രസിന്റെയോ ഇടതുപക്ഷത്തിന്റെയോ അംഗങ്ങള്‍ ഇല്ലാതെ വരുന്നത്. ഞായറാഴ്ച തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ബിജെപിയ്ക്ക് 77 സീറ്റുകളായി. 213 സീറ്റുകളാണ് തൃണമൂല്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തത്.
സംസ്ഥാന രാഷ്ട്രീയത്തെ ദീര്‍ഘകാലം നയിച്ച ഇടതുപക്ഷം ബിജെപിയുടെ വരവോടെ ബംഗാളില്‍ വരള്‍ച്ച നേരിടുകയാണ്്. ഇസ്ളാമിക മതനേതാവ് അബ്ബാസ് സിദ്ദിഖിയുമായി ഉണ്ടാക്കിയ കൂട്ടുകെട്ട് തിരിച്ചടിച്ചെന്നാണ് ഇടതുപാര്‍ട്ടികള്‍ പറയുന്നത്. ബിജെപിയുടെ വരവോടെ മുസ്ളീം സമൂഹം പൂര്‍ണ്ണമായും മമതയ്ക്കൊപ്പം അണി ചേര്‍ന്നെന്നും കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ മുര്‍ഷിദാബാദിലും മാല്‍ഡയിലും ഇത് സംഭവിച്ചെന്നുമാണ് ഇടതുപാര്‍ട്ടികളുടെ വിലയിരുത്തല്‍. ബംഗാളിലെ ബിജെപി വിരുദ്ധവോട്ടുകള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ കേന്ദ്രീകരിക്കപ്പെട്ടെന്നും പറഞ്ഞു.
ബിജെപിയ്ക്ക് ബദലായി ആള്ക്കാര് തൃണമൂലിനെയും തൃണമൂലിന് ബദലായി ബിജെപിയെയും ജനങ്ങള്‍ കണ്ടു. ഇടതുപക്ഷം കൂടുതല്‍ കേന്ദ്രീകരിച്ചത് ബിജെപി വിരുദ്ധതയ്ക്കായിരുന്നു. അത് ഗുണകരമായി മാറിയത് തൃണമൂലിനായിരുന്നു. ബിജെപിയുടെ ഏക ബദലായി അവര്‍ തൃണമൂലിനെ കണ്ടു. അതേസമയം ബിജെപിയെ തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞതില്‍ കോണ്‍ഗ്രസ് തൃണമൂലിനെയും മമതാ ബാനര്‍ജിയെയും അഭിനന്ദിച്ച് രംഗത്ത് വന്നു. ബിജെപിയെ തോല്‍പ്പിച്ചതില്‍ മമതയെയും ബംഗാളിലെ ജനങ്ങളെയും അഭിനന്ദിക്കുന്നതായിട്ടായിരുന്നു രാഹുല്‍ഗാന്ധിയുടെ ട്വീറ്റ്.






