
ബ്യൂണസ് ഐറിസ്: ഫുട്ബോള്‍ ഇതിഹാസം ഡീഗോ മാറഡോണയുടെ അവസാന സമയത്ത് ചികിത്സാ സംഘത്തില്‍ നിന്ന് വേണ്ട പരിചരണം ലഭിച്ചില്ലെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ കണ്ടെത്തല്‍. അശ്രദ്ധയോടെയാണ് ചികിത്സാസംഘം പ്രവര്‍ത്തിച്ചതെന്നും
റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കൃത്യസമയത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കില്‍ മറഡോണ ജീവിച്ചിരിക്കുമായിരുന്നെന്നും ഫുട്ബോള്‍ ഇതിഹാസം 12 മണിക്കൂറിലധികം വേദന അനുഭവിച്ചുവെന്നും പ്രോസിക്യൂട്ടര്‍ക്ക് നല്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുപതില്‍ അധികം ഡോക്ടര്‍മാര്‍ അടങ്ങിയ മെഡിക്കല്‍ ബോര്‍ഡ് രണ്ടു മാസത്തോളം പ്രവര്‍ത്തിച്ചാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ അര്‍ജന്റീന നീതിന്യായ മന്ത്രാലയം കഴിഞ്ഞ മാര്‍ച്ചിലാണ് ബോര്‍ഡിനെ നിയോഗിച്ചത്. താരത്തിന്റെ മരണത്തെ തുടര്‍ന്ന് കുടുംബഡോക്ടര് ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരേ ആരോപണമുയര്‍ന്നിരുന്നു.
രോഗിയുടെ ജീവന് അപകടപ്പെടുത്തുന്നതിന്റെ ലക്ഷണങ്ങള്‍ അവഗണിക്കപ്പെട്ടു എന്നും മാറഡോണ കുറഞ്ഞത് 12 മണിക്കൂറെങ്കിലും നീണ്ടുനില്‍ക്കുന്ന വേദനയുടെ വ്യക്തമായ അടയാളങ്ങള്‍ കാണിച്ചുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നുണ്ട്.
മയക്കുമരുന്നും മദ്യവും അമിതമായി ഉപയോഗിച്ചതിനെ തുടര്‍ന്ന് മാറഡോണയ്ക്ക് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.






