
പുതുമുഖങ്ങള്‍ അണിനിരന്ന ആനന്ദം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് അനാര്‍ക്കലി മരിക്കാര്‍. തുടര്‍ന്നു വന്ന വിമാനം, ഉയരെ എന്നീ ചിത്രങ്ങളിലും ഏറെ ശ്രദ്ധേയമായ കഥാപാത്രമാണ് അനാര്‍ക്കലി ചെയ്തിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അനാര്‍ക്കലി. തന്റെ ഗ്ലാമര്‍ ചിത്രങ്ങളൊക്കെ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്.
കഴിഞ്ഞ ദിവസം അനാര്‍ക്കലി സോഷ്യല്‍ മീഡിയയില്‍ ഒരു ഡാന്‍സ് വീഡിയോ പങ്കുവെച്ചിരുന്നു. താരത്തിന്റെ ഈ ഡാന്‍സ് വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് രൂക്ഷവിമര്‍ശനവുമായി എത്തിയത്. ലൈക്ക് കിട്ടാനാണ് വസ്ത്രം കുറയ്ക്കുന്നതെന്ന് വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി എത്തിയിരിയ്ക്കുകയാണ് അനാര്‍ക്കലി.
'' കഴിഞ്ഞ ദിവസം ഞാന്‍ ഡാന്‍സ് കളിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിരുന്നു, അതു 10 ലക്ഷം ആളുകള്‍ കണ്ടു. ഞാനങ്ങനെ ഡാന്‍സ് വീഡിയോകളൊന്നും പോസ്റ്റ് ചെയ്യുന്നയാളല്ലാത്തതു കൊണ്ട് എനിക്ക് സന്തോഷമായി. പക്ഷേ ആ വീഡിയോയെക്കുറിച്ച് ആളുകള്‍ പറയുന്ന അഭിപ്രായം എന്താണെന്നു അറിയാന്‍ വേണ്ടി വെറുതെ കമന്റുകള്‍ വായിച്ചു നോക്കാമെന്നു വച്ചു. ഒരുപാട് മോശം അഭിപ്രായങ്ങളും തെറിവിളികളുമായിരുന്നു കമന്റ് ബോക്സ് നിറയെ. ഇതൊക്ക കണ്ടതോടെ ആകെ വിഷമമായി.
വെറുതെ വീട്ടിലിരുന്ന് ഇങ്ങനെ തെറി വിളിക്കുന്നത് നിങ്ങള്‍ക്ക് സന്തോഷം തരുന്നുണ്ടെങ്കില്‍ നിങ്ങളുടെ നിലവാരം എവിടെപ്പോയെന്നു ചിന്തിക്കുക. 'നീ ഒക്കെ തുണി ഇട്ടിട്ട് ലൈക്ക് വാങ്ങെടി' എന്നൊരു കമന്റ് കണ്ടു. നിങ്ങളൊക്കെയല്ലേ ലൈക്ക് ചെയ്യുന്നത്. ഞാന്‍ തുണി ഉടുത്തത് ഇഷ്ടപ്പെട്ടില്ലെങ്കില്‍ ലൈക്ക് ചെയ്യേണ്ട.
കുറെ ആളുകള്‍ ചോദിച്ചു ഫോളോവേഴ്സിനെ കൂട്ടാനല്ലേ ഹോട്ട് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതെന്ന്?. അതെ ഫോളോവേഴ്സ് കൂടാന്‍ തന്നെയാണ്. പക്ഷേ നിങ്ങളതില്‍ വീഴുന്നുണ്ടല്ലോ. അത് ആദ്യം ചിന്തിക്കുക.'' - അനാര്‍ക്കലി കുറിയ്ക്കുന്നു.






