
മദ്യപിക്കാത്തവര്‍ ഇന്ന് ചുരുക്കമാണ്. ആഴ്ചയില്‍ ഒരിക്കലെങ്കിലും മദ്യം ശീലമാക്കുന്നവരാണ് പലരും. ചിലര്‍ എല്ലാ ദിവസവും മദ്യപിയ്ക്കാറുണ്ട്. ലോകത്തെ ഏറ്റവും വിലയുള്ള വൈനിനെ കുറിച്ചുള്ള വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. നിരവധി പ്രത്യേകതകള്‍ നിറഞ്ഞതാണ് ഈ വൈന്‍. ഏഴ് കോടിയലധികം വിലയുള്ള വൈന്‍ എന്നു കേട്ടാല്‍ തന്നെ ആര്‍ക്കും അമ്പരപ്പ് തന്നെയായിരിക്കും. ഫ്രഞ്ച് വൈന്‍ ആയ 'പെട്രസ് 2000' എന്ന ബ്രാന്‍ഡിനാണ് 7.38 കോടി രൂപ വില വരുന്നത്.
ഈ വൈനിന്റെ ഏറ്റവും വലിയ പ്രത്യേകത ഇത് ബഹിരാകാശത്ത് പുളിപ്പിച്ചു നിര്‍മ്മിച്ച വൈന്‍ ആണെന്നുള്ളതാണ്. അന്യഗ്രഹ കാര്‍ഷിക അവസരങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന്റെ ഭാഗമായി സ്പേസ് കാര്‍ഗോ അണ്‍ലിമിറ്റഡ് 2019 നവംബറില്‍ 12 കുപ്പി വൈന്‍ ബഹിരാകാശത്തേക്ക് അയച്ചു. 14 മാസത്തിനു ശേഷം അവ തിരിച്ചു കൊണ്ടു വരികയായിരുന്നു. ഫ്രാന്‍സിലെ ബാര്ഡോയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വൈന്‍ ആന്‍ഡ് വൈന്‍ റിസര്‍ച്ചാണ് ഈ വൈന്‍ തയ്യാറാക്കി പുളിപ്പിക്കാനായി ബഹിരാകാശ നിലയത്തിലേക്ക് അയച്ചത്. ഈ വൈന്‍ മൃദുവും സുഗന്ധമുള്ളതും രുചിയില്‍ വ്യത്യാസമുള്ളതുമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. 20 മുതല്‍ 30 വര്‍ഷം വരെ ഒരു കേടുമില്ലാതെ ഈ വൈന്‍ ഇരിയ്ക്കുമെന്നും ഇതിന്റെ നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.
ഈ വൈന്‍ കുപ്പി ക്രിസ്റ്റീസ് എന്ന കമ്പനിയാണ് ലേലത്തിന് വെച്ചത്. ഇപ്പോള്‍ ഇത് വാങ്ങിയാലും കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴുള്ളതിനേക്കാള്‍ മികച്ച രുചിയായിരിക്കും ഇതിനെന്നാണ് ലേലം ചെയ്യുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ വൈന്‍ വില്ക്കുമ്പോള് ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് ബഹിരാകാശത്ത് കൂടുതല്‍ സ്പേസ് കാര്‍ഗോ അണ്‍ലിമിറ്റഡ് പരീക്ഷണങ്ങള്‍ക്ക് ധനസഹായം നല്‍കാനാണ് ലേലം ചെയ്യുന്നവരുടെ ലക്ഷ്യം. ബാര്‍ഡോ എസ്റ്റേറ്റ് ചാറ്റോ പെട്രസ് പ്രതിവര്‍ഷം 30,000 കുപ്പി വൈന്‍ മാത്രമേ ഉത്പാദിപ്പിക്കൂ, മാത്രമല്ല അതിന്റെ ഉല്‍പ്പന്നം ലോകത്തിലെ ഏറ്റവും ചെലവേറിയ ഒന്നുമാണ്.






