
വാഷിംഗ്ടണ്‍: അമേരിക്കയില്‍ ക്ഷേത്ര നിര്‍മ്മാണത്തിന് മനുഷ്യക്കടത്തിന് ഇരയാക്കി ഇന്ത്യാക്കാരായ ദളിതരെ അടിമവേല ചെയ്യിച്ചതായി റിപ്പോര്‍ട്ട്. ന്യൂജെഴ്സിയില്‍ ക്ഷേത്ര നിര്‍മ്മാണത്തിനായി കൊണ്ടുപോയ തൊഴിലാളികളെ വിശ്രമദിനം പോലും നല്‍കാതെ തുച്ഛമായ ശമ്പളത്തില്‍ പുറത്ത് പോകാന്‍ പോലും അനുവദിക്കാതെ അടച്ചുപൂട്ടിയിട്ട് പണിയെടുപ്പിച്ചെന്നാണ് ആരോപണം. നിരവധി തൊഴിലാളികള്‍ പരാതിയുമായി രംഗത്തെത്തിയതോടെ സംഭവത്തില്‍ അമേരിക്കന്‍ ഇമിഗ്രേഷന്‍ തൊഴില്‍ വകുപ്പ് ഇടപെട്ട് കേസെടുത്തു.
റോബിന്സ്വില്ലെയിലെ ബി.എ.പി.എസിന് കീഴിലുള്ള ക്ഷേത്രനിര്മ്മാണത്തിനായാണ് തൊഴിലാളികളെ അടിമവേല ചെയ്യിച്ചത്. ബൊച്ചാസന്വാസി അക്ഷര്‍ പുരുഷോത്തം സ്വാമിനാരായണ്‍ സന്‍സ്ത (ബി.എ.പി.എസ്) മതവിഭാഗത്തിനെതിരെയാണ് തൊഴിലാളികള്‍ പരാതി നല്‍കിയിരിക്കുകയാണ്. ഇന്ത്യയിലും അമേരിക്കയിലും കാര്യമായ സ്വാധീനമുള്ള ഹിന്ദുമതവിഭാഗമാണ് ബി.എ.പി.എസ്. ന്യൂ ആര്‍ക്ക് കോടതിയിലാണ് പരാതി നല്‍കിയത്.
ഇന്ത്യയില്‍ നിന്നുമെത്തിയ 200ലധികം തൊഴിലാളികളെയാണ് ക്ഷേത്രനിര്‍മ്മാണത്തിനായി ഉപയോഗിച്ചത്. വിശ്രമം പോലും നല്‍കാതെ തുടര്‍ച്ചയായി 12 മണിക്കൂര്‍ ജോലി ചെയ്യിച്ചു. വലിയ കല്ലുകള്‍ എടുക്കുക ഹെവിയായ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുക റോഡുകള്‍ നിര്‍മ്മിക്കുക, മഞ്ഞ് ഷൗവ്വലിന് മാറ്റുക തുടങ്ങിയ കാഠിന്യമേറിയ ജോലികള്‍ മണിക്കൂറുകളോളം ചെയ്തു. ആഴ്ചയില്‍ അവധി ദിനം പോലും നല്‍കാതെയായിരുന്നു ജോലി ചെയ്യിച്ചു. ജോലിയ്ക്കായി എത്തിയ ഇവരുടെ പാസ്പോര്‍ട്ടും മറ്റു രേഖകളും ക്ഷേത്രട്രസ്റ്റ് അധികൃതര്‍ നേരത്തേ തന്നെ വാങ്ങിവെയ്ക്കുകയും ചെയ്തു.
നിര്‍മ്മാണം കഴിയുന്നത് വരെ പുറത്തേക്ക് പോകാതിരിക്കാന്‍ കനത്ത സുരക്ഷയിലാണ് തൊഴിലാളികളെ പാര്‍പ്പിച്ചിരുന്നതെന്നും പരാതിയില്‍ പറയുന്നു. ആരുടേയും കണ്ണില്‍ പെടാത്ത ട്രെയിലറുകളിലാണ് ഇവരെ താമസിപ്പിച്ചത്. ചുറ്റും വലിയ വേലി കെട്ടി മറച്ചു. സൈറ്റിലേക്ക് വരുന്ന മറ്റുള്ളവരുമായി ഇവര്‍ ആശയവിനിമയം നടത്തുന്നതും തടഞ്ഞു. മിഷനറികള്‍ക്കും പുരോഹിതര്ക്കുമെല്ലാം സന്ദര്‍ശനത്തിനായി നല്കുന്ന റിലീജിയന്‍ വിസയില്‍ 2018 ലാണ് തൊഴിലാളികളെ അമേരിക്കയിലേക്ക് കൊണ്ടുവന്നത്. കഴിഞ്ഞ മഞ്ഞുകാലത്ത് രോഗം പിടിപെട്ട് ഒരു തൊഴിലാളി മരിക്കുക പോലും ചെയ്തതായി പിന്നീട് നാട്ടില്‍ എത്തിയ ഒരു തൊഴിലാളി പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ആഴ്ചയില്‍ 80 മണിക്കൂറിലധികം ജോലി ചെയ്യിച്ചു. ന്യൂജെഴ്സിയില്‍ ക്ഷേത്ര നിര്‍മ്മാണത്തിനുള്ള ദിവസക്കൂലി മണിക്കൂറിന് 1.20 വെച്ച് ദിവസം 12 ഡോളര്‍ മിനിമം കൂലിയുള്ളപ്പോള്‍ ഇവര്‍ക്ക് നല്‍കിയത് മണിക്കൂറില്‍ ഒരു ഡോളറായിരുന്നു. മാസം 450 ഡോളര്‍(33144 ഇന്ത്യന്‍ രൂപ ) ആയിരുന്നു ശമ്പളം നല്‍കിയത്. 200 പേരില്‍ പെട്ട ആറു പേരാണ് പരാതി നല്‍കിയത്. ഇതില്‍ 50 ഡോളര്‍ കയ്യിലും ബാക്കി നാട്ടിലെ അക്കൗണ്ടിലേക്ക് അയയ്ക്കുകയുമായിരുന്നു. നിലവിലുള്ള തൊഴില്‍ നിയമങ്ങളുടെ ലംഘനമാണെന്നാണീ അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞിരിക്കുന്നത്. ആരോപണം ക്ഷേത്രം അധികൃതര്‍ നിഷേധിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ 90 പേരെ മാറ്റിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
2014 ല്‍ തുറന്ന ക്ഷേത്രം ഇപ്പോഴും നിര്‍മ്മാണം തുടരുകയാണ്. അമേരിക്കയിലെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രം നിര്‍മ്മിക്കാനാണ് ഉദ്ദേശം. അയോദ്ധ്യയിലെ ക്ഷേത്ര നിര്‍മ്മാണത്തിന് 290,000 ഡോളര്‍ മോഡിയ്ക്ക് നല്‍കുമെന്ന് സംഘടന നേരത്തേ പ്രഖ്യാപിച്ചിരുന്നു.






