
തിരുവനന്തപുരം: അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് സംസ്ഥാനത്തെങ്ങും കനത്ത മഴ. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നു. ന്യുനമര്‍ദ്ദം ഇന്ന് അതിരൂക്ഷമാകുമെന്നാണ് റിപ്പോര്‍ട്ട്. 60-70 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശും. കനത്തമഴയും ലഭിക്കും. തിരമാല ഒരു മീറ്റര്‍ വരെ ഉയരാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
തിരുവനന്തപുരം ജില്ലയില്‍ കരമനയാറും കിള്ളിയാറും കരകവിഞ്ഞ് ഒഴുകുകയാണ്. ധര്‍മമുടമ്പ്, കാലടി മേഖലകളില്‍ 15 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. അരുവിക്കര ഡാം ഷട്ടര്‍ ഉയര്‍ത്തിയതോടെയാണ് നദികളിലെ ജലനിരപ്പ് ക്രമാതീതമായി കൂടിയത്.
തെക്കന്‍ ജില്ലകളില്‍ ഇന്നലെ വൈകുന്നേരം തുടങ്ങിയ മഴ ഇപ്പോഴും ശക്തമായി തുടരുന്നു. കൊല്ലത്ത് 10 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. 350 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഒരുക്കങ്ങള്‍ നടത്തുന്നു. ദുരന്ത നിവാരണ സേനയുടെ ഒരു ക്യാംപും തുറന്നു. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ആറ് കപ്പലുകള്‍ തുറമുഖത്ത് നങ്കൂരമിട്ടു. കടല്‍ശാന്തമായ ശേഷമായിരിക്കും കപ്പലുകള്‍ യാത്ര തുടരൂ. ആലപ്പാട്, പരവൂര്‍ മേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷമാണ്.
തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഇന്ന് നടത്താനിരുന്ന വാക്സിനേഷന് ക്യാംപുകള്‍ റദ്ദാക്കി.
ആലപ്പുഴയില്‍ കുട്ടനാട് വെള്ളം കയറി. മടവീഴ്ചയും റിപ്പോര്‍ട്ട് ചെയ്യുന്നു. കൊച്ചിയില്‍ ചെല്ലാനം മേഖലയില്‍ കടല്‍ക്കയറ്റം രൂക്ഷമാണ്. എന്‍.ഡി.ആര്.എഫ് സ്ഥലത്തെത്തി. ആളുകളെ ദുരിതാശവാസ കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ്.
വടക്കന്‍ കേരളത്തില്‍ രാവിലെ മഴയ്ക്ക് ശമനമുണ്ട്. ഇന്നലെ രാത്രി കനത്ത മഴ പെയ്തിരുന്നു. എന്നാല്‍ കടല്‍ക്ഷോഭം രൂക്ഷമാണ്. വടകര അഴിയൂര്‍ , കൊയിലാണ്ടി, കോഴിക്കോട് എന്നിവിടങ്ങളിലാണ് കടല്‍ക്ഷോഭം രൂക്ഷം. കൊയിലാണ്ടിയില്‍ പല വീടുകളില്‍ വെള്ളം കയറി. കോഴിക്കോട് 150 ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കോവിഡ് ഭീഷണിയെ തുടര്‍ന്ന് ആന്റിജന്‍ ടെസ്റ്റ് നടത്തിയാണ് സമീപത്തുള്ള സ്കൂളുകളിലേക്കും മദ്രസകളിലേക്കും ആളുകളെ മാറ്റുന്നത്. കോവിഡ് പോസിറ്റീവ് ആകുന്നവരെ ഒരു കേന്ദ്രത്തിലും ക്വാറന്റീനില്‍ കഴിയേണ്ടവരെ മറ്റു കേന്ദ്രങ്ങളിലുമായാണ് മാറ്റുന്നത്.






