
തിരുവനന്തപുരം: ഇടതുമുന്നണി സര്‍ക്കാരിലെ കാബിനറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ണ്ണമാകുന്നു. ഇടതുമുന്നണി യോഗത്തില്‍ ഘടകകക്ഷി മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനത്തിലെത്തി. കേരള കോണ്‍ഗ്രസ് എമ്മിന് കാബിനറ്റ് റാങ്കോടെ ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയും നല്‍കും. പാര്‍ട്ടി ചെയര്മാന് ജോസ് കെ.മാണി തന്നെയാണ് ഇക്കാര്യം ഇടതുമുന്നണി യോഗത്തിനു ശേഷം മാധ്യമങ്ങളെ അറിയിച്ചത്.
പാര്‍ട്ടിക്ക് അഞ്ച് എം.എല്‍.എമാരുണ്ട്. ആ സാഹചര്യത്തില്‍ രണ്ട് മന്ത്രിസ്ഥാനം ചോദിച്ചിരുന്നു. എന്നാല്‍ മുന്നണിയുടെ കെട്ടുറപ്പ് മനസ്സിലാക്കി ഒരു മന്ത്രിസ്ഥാനം എന്ന നിര്‍ദേശം അംഗീകരിക്കുന്നുവെന്ന് ജോസ് കെ.മാണി പറഞ്ഞു. മന്ത്രിയും ചീഫ് വിപ്പും ആരാകുമെന്നത് സംബന്ധിച്ച് ഉടന്‍ തീരുമാനമുണ്ടാകും. ഇന്നലെ പാര്‍ട്ടി പാര്‍ലമെന്ററി യോഗം ചേര്‍ന്നിരുന്നുവെന്നും ജോസ് കെ.മാണി പറഞ്ഞു.






