
പോർബന്തർ: പോര്‍ബന്തറിന് സമീപത്തുകൂടി ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്തില്‍ കരതൊട്ടു. മണിക്കൂറില്‍ 180 മുതല്‍ 200 കിലോമീറ്റര്‍ വേഗതയില്‍ കാറ്റും കടല്‍ക്ഷോഭവും കനത്ത മഴയും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
ഗുജറാത്ത് തീരത്താകെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മഹാരാഷ്ട്ര, ഗുജറാത്ത്, പാക്കിസ്ഥാന് തീരങ്ങളിലെ തുറമുഖങ്ങളില്‍ അതീവ അപകട മുന്നറിയിപ്പ് നല്കി. മല്‍സ്യബന്ധനവും കപ്പല്‍ ഗതാഗതവും നിര്‍ത്തി.
ഗുജറത്തിലെ തീര ജില്ലകളില്‍ റോഡ്, റെയില്‍ ഗതാഗതവും നിര്‍ത്തി.
അതേസമയം, കേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം ഇന്ന് കൂടി തുടരുമെന്നതിനാൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ടൗട്ടെ ചുഴലി വ്യാപക നാശമുണ്ടാക്കിയ മഹാരാഷ്ട്രയിൽ വിവിധ അപകടങ്ങളിൽ 6 പേർ മരിച്ചു. മുംബൈ നഗരം കനത്ത മഴയിൽ മുങ്ങി. വിമാനത്താവളം ഇന്നലെ രാത്രി 10 വരെ അടച്ചിട്ടു. ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കുകയും പുനഃക്രമീകരിക്കുകയും ചെയ്തു. മോണോ റെയിൽ സർവീസ് നിർത്തി. ലോക്കൽ ട്രെയിനുകളും മുടങ്ങി. ബാന്ദ്ര-വർളി കടൽപാലം അടച്ചിട്ടു.






