
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ ചൂടുപിടിച്ച ചര്‍ച്ച നടക്കുന്നതിനിടയില്‍ പിണറായി വിജയന് സര്‍ക്കാരിന് ഫോണില്‍ വിളിച്ച് ആശംസകള്‍ അര്‍പ്പിച്ച് രമേശ് ചെന്നിത്തല. രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് നടക്കാനിരിക്കുന്നതിനിടെ ആശംസ നേര്‍ന്ന വിവരം വ്യക്തമാക്കിയിരിക്കുന്നത് രമേശ് ചെന്നിത്തല തന്നെയാണ്.
സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ടെലിവിഷനില്‍ കാണുന്നത് പ്രതിപക്ഷത്തിന്റെ ബഹിഷ്ക്കരണം അല്ലെന്നും കോവിഡിന്റെ പശ്ചാത്തലത്തിലാണെന്നും പറഞ്ഞു. സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞ ചടങ്ങില്‍ നേരിട്ട് പങ്കെടുക്കില്ലെന്ന് പ്രതിപക്ഷം നേരത്തേ വ്യക്തമാക്കിയിരുന്നു. കൊവിഡ് അപകടകരമായ രീതിയില്‍ തുടരുന്നതിനാലാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എത്താത്തതെന്നും ഇത് സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്ക്കരിക്കല് അല്ലെന്നും വ്യക്തമാക്കി. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പ്രത്യേക വേദിയില്‍ വൈകിട്ട് മൂന്നിനാണ് സത്യപ്രതിജ്ഞാ ചടങ്ങ്.
‘കേരളത്തിലെ സാധാരണ ജനങ്ങളോടൊപ്പം ഓണ്‍ലൈനില്‍ ചടങ്ങ് കാണും. സഹകരിക്കേണ്ട കാര്യങ്ങളില്‍ പൂര്‍ണമനസോടെ സഹകരിച്ചും തിരുത്തേണ്ടവ തിരുത്തിച്ചും ക്രിയാത്മക പ്രതിപക്ഷമായി ഉണ്ടാകും. കൊവിഡ് ദുരിതം വിതച്ച ബുദ്ധിമുട്ടുകളെയും സാമ്പത്തിക പ്രതിസന്ധിയേയും മറികടന്ന് ജനങ്ങള്‍ക്ക് ആശ്വാസം പകരാന്‍ പുതിയ സര്‍ക്കാരിന് കഴിയട്ടെ എന്നും ആശംസിക്കുന്നു,’ രമേശ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. 85,000 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള പന്തലിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്.
സത്യപ്രതിജ്ഞാ ചടങ്ങില്‍ അഞ്ഞൂറില്‍ താഴെ പേരെയാണു പ്രതീക്ഷിക്കുന്നത്. രാവിലെ മുഖ്യമന്ത്രിയും സി.പി.ഐ.എം, സി.പി.ഐ നിയുക്ത മന്ത്രിമാരും ആലപ്പുഴ വയലാറിലെയും വലിയചുടുകാടിലെയും രക്തസാക്ഷി സ്മാരകങ്ങളില്‍ എത്തി പുഷ്പാര്‍ച്ചന നടത്തിയിരുന്നു. ഇതിന് ശേഷമാണ് വേദിയില്‍ എത്തുക. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്.
പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ അന്തിമതീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റേത്. അന്തിമ തീരുമാനത്തില്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടും നിര്‍ണായകമാകും. രമേശ് ചെന്നിത്തല തുടരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും വി.ഡി.സതീശന്റെ പേരിനാണ് മുന്‍ഗണനയെന്നാണ് സൂചന. സംഘടനയില്‍ നേതൃത്വ മാറ്റം വേണമെന്ന കാര്യത്തില്‍ പാര്‍ട്ടിയിലെ ഉന്നത നേതൃത്വത്തിന് അഭിപ്രായ ഭിന്നതയില്ല.






