
തിരുവനന്തപുരം : ആശ്വസിക്കാവുന്ന ഒരു സ്ഥിതിയില്‍ നമ്മളെത്തിയിട്ടില്ല. ഇപ്പോഴും രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നാണ് നമ്മുടേത്. നിര്‍ണായകമായ മൂന്നാഴ്ചകളാണ് നമുക്ക് മുന്പിലുള്ളത് എന്നു എല്ലാവരും ഓര്‍മിക്കണം. അതുകൊണ്ട്, തുടര്‍ന്നുള്ള എല്ലാ ഞായറാഴ്ചകളും ഡ്രൈഡേ ആയിരിക്കണമെന്നും അതിനോട് എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാജ്യത്തെ ഒരു ദിവസത്തെ കോവിഡ് കേസുകള്‍ എകദേശം രണ്ടര ലക്ഷമാണ്. മരണസംഖ്യ 3700ന് അടുത്തായിരിക്കുന്നു. ആശ്വസിക്കാവുന്ന ഒരു സ്ഥിതിയില്‍ നമ്മളെത്തിയിട്ടില്ല. ഇപ്പോഴും രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നാണ് നമ്മുടേത്. കര്‍ണാടകയില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 28,869 കേസുകളും 548 മരണങ്ങളുമാണ്. മഹാരാഷ്ട്രയില്‍ 29,911 കേസുകളും 738 മരണങ്ങളും തമിഴ്നാനാട്ടില്‍ 35,579 കേസുകളും 397 മരണങ്ങളുമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇങ്ങനെയുള്ള സ്ഥിതി ഉണ്ടാവാതിരിക്കാനാണ് നമ്മള് തുടക്കം മുതല്‍ ശ്രമിക്കുന്നത്. രോഗവ്യാപനത്തിന്റെ വേഗത കുറച്ചുനിര്‍ത്താന്‍ സാധിക്കുന്നതിനാലാണ് മരണസംഖ്യ കുറയുന്നത്. അതുകൊണ്ട് മറ്റു സ്ഥലങ്ങളില്‍ രോഗം പെട്ടെന്നുതന്നെ കുത്തനെ കൂടുകയും തുടര്‍ന്നു കുറയുകയും ചെയ്യുമ്പോള്‍ കേരളത്തില്‍ ആ പ്രക്രിയ സാവകാശമാണ് സംഭവിക്കുന്നത്.
കേസുകളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും വരും ദിവസങ്ങളില്‍ കേരളത്തില്‍ മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മെയ് 12ന് ആയിരുന്നു രണ്ടാമത്തെ തരംഗത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 43,529 പുതിയ രോഗികളാണ് അന്നുണ്ടായത്. ആ തരത്തില്‍ ആ ദിവസങ്ങളിലുണ്ടായ രോഗബാധ മൂര്‍ച്ഛിക്കുകയും തല്‍ഫലമായ മരണങ്ങള് സംഭവിക്കുകയും ചെയ്യുന്നത് ഇപ്പോഴാണ്. അതിനാലാണ് രോഗവ്യാപനം കുറഞ്ഞിട്ടും മരണസംഖ്യ ആദ്യത്തേക്കാളും ഉയര്‍ന്നിരിക്കുന്നത്.
നിര്‍ണായകമായ മൂന്നാഴ്ചകളാണ് നമുക്ക് മുന്പിലുള്ളത് എന്നു എല്ലാവരും ഓര്‍മിക്കണം. കാലവര്‍ഷം കടന്നുവരാന്‍ പോവുകയാണ്. ഡെങ്കിപ്പനി മൂന്നോ നാലോ വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ശക്തമാകുന്ന സ്വഭാവമുള്ള പകര്‍ച്ചവ്യാധിയാണ്. ഇതിനു മുന്‍പ് കേരളത്തില്‍ ഡെങ്കിപ്പനി വ്യാപകമായ തോതില്‍ ബാധിച്ചത് 2017ല്‍ ആണ്. അതിനാല്‍ ഈ വര്‍ഷം ആ രോഗം വീണ്ടും ശക്തമാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട്, തുടര്‍ന്നുള്ള എല്ലാ ഞായറാഴ്ചകളും ഡ്രൈഡേ ആയിരിക്കണം. വീടിനകത്തും പുറത്തും വെള്ളം കെട്ടിക്കിടക്കുന്നത് വൃത്തിയാക്കണം. കൊതുകു നിവാരണ പ്രവര്‍ത്തനങ്ങള്‍ തദ്ദേശഭരണ സ്ഥാപനങ്ങളും റസിഡന്‍ഷ്യല്‍ അസോസിയേഷനുകളും ഓരോ കുടുംബവും അവരുടെ ഉത്തരവാദിത്വമായി ഏറ്റെടുത്ത് വിട്ടുവീഴ്ചയില്ലാതെ നിറവേറ്റണം.
അടച്ചിട്ട മുറികളിലാണ് ഏറ്റവും എളുപ്പത്തില്‍ കോവിഡ് വ്യാപിക്കുക എന്നാണ് പല പഠനങ്ങളും വ്യക്തമാക്കുന്നത്. അതുകൊണ്ട് എല്ലാ തൊഴില്‍ സ്ഥാപനങ്ങളും വലിയ ശ്രദ്ധ ഇക്കാര്യത്തില്‍ പുലര്‍ത്തണം. എസി സ്ഥാപിക്കുന്നതിനു വേണ്ടി തയ്യാറാക്കപ്പെട്ട മുറികളില്‍ പലപ്പോഴും ആവശ്യത്തിന് വായു സഞ്ചാരമുണ്ടാകില്ല. അതുകൊണ്ട് എസി പ്രവര്‍ത്തിപ്പിക്കാതെ ഇരുന്നതുകൊണ്ട് മാത്രം കാര്യമുണ്ടാകില്ല. അതോടൊപ്പം ഫാനുകളും വായു പുറന്തള്ളാന്‍ സഹായിക്കുന്ന എക്സ്ഹോസ്റ്റ് ഫാനുകളും ഉപയോഗിക്കേണ്ടതുണ്ട്. ലോക്ക്ഡൗണ്‍ കാലത്തൊക്കെ പ്രവര്‍ത്തിക്കേണ്ടിവരുന്ന, വര്‍ക്ക് ഫ്രം ഹോം സംവിധാനങ്ങള്‍ പ്രായോഗികമല്ലാത്ത മാധ്യമസ്ഥാപനങ്ങള്‍ പോലുള്ളവ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.






