വാഹനങ്ങളുടെ ടയറുകള്‍ക്കായി പുതിയ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തിയ വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചു. നിരത്തുകളിൽ ടയറുകള്‍ ഉരുളുമ്പോഴുള്ള ഘര്‍ഷണം, ശബ്ദം, നനഞ്ഞ പ്രതലങ്ങളിലെ ഗ്രിപ്പ് എന്നിവ സംബന്ധിച്ച മാനദണ്ഡങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്നത്. റോഡ് ഗതാഗത ഹൈവേ മന്ത്രാലയമാണ് കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്.
2016 മുതല്‍ ഇത്തരം മാനദണ്ഡങ്ങള്‍ യൂറോപ്പ് പോലുള്ള വിപണികളില്‍ നിലനില്ക്കുന്നു. ടയറുകളുടെ കാര്യക്ഷമതയും നല്കുന്ന സുരക്ഷയും വര്‍ധിക്കുമെന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ കണക്കിലെടുത്തു. നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ ഇനി മുതൽ കാറുകള്‍, ബസ്സുകള്‍, ഹെവി വാഹനങ്ങള്‍ക്കായി ടയറുകള്‍ നിര്‍മിക്കുന്ന ഇന്ത്യയിലെ ടയര്‍ കമ്പനികളും ഇറക്കുമതി ചെയ്യുന്നവരും നിര്‍ബന്ധമായും പാലിക്കേണ്ടതായി വരും.
ടയറുകള്‍ ഈ വര്‍ഷം ഒക്റ്റോബര്‍ മുതല്‍ പുതിയ മാനദണ്ഡങ്ങള്‍ പാലിക്കണം. റിപ്പോർട്ട് പ്രകാരം നിലവിലെ ടയര്‍ മോഡലുകള്‍ക്ക് 2022 ഒക്റ്റോബര്‍ വരെ സാവകാശം ലഭിച്ചു. ടയറുകള്‍ക്ക് സ്റ്റാര്‍ റേറ്റിംഗ് നല്‍കുന്നതിന് മുന്നോടിയായാണ് പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവരുന്നതെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. അടുത്തിടെ ഇന്ത്യയില്‍ സിയറ്റ് സ്വന്തം നിലയില്‍ ടയര്‍ ലേബല്‍ സംവിധാനം അവതരിപ്പിച്ചിരുന്നു. സിയറ്റ് ‘സെക്യൂറാഡ്രൈവ്’ ടയറുകളിലാണ് ഈ സംവിധാനം നല്‍കിയതെന്നാണ് റിപ്പോർട്ട്.
നിലവില്‍ പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ ആഗോള വിപണികളില്‍ ടയറുകള്‍ സപ്ലൈ ചെയ്യുന്ന ആഭ്യന്തര ടയര്‍ നിര്‍മാതാക്കള്‍ക്ക് പ്രശ്നമാകില്ല. ടയര്‍ ക്വാളിറ്റി കണ്ട്രോള് ഓര്‍ഡര്‍ പ്രകാരം നിലവില്‍ രാജ്യത്ത് വില്‍ക്കുന്ന ടയറുകള്‍ ബിഐഎസ് നിലവാരം നിര്‍ബന്ധമായും പാലിക്കണം. എന്നാൽ, ബിഐഎസ് നിലവാരമുള്ള ടയറുകള്‍ വില്‍ക്കുന്ന കമ്പനികള്‍ക്ക് ഈ ടയറുകള്‍ നല്കുന്ന സുരക്ഷയുടെ കാര്യത്തില്‍ ഉത്തരവാദിത്തമില്ല. അതേസമയം, പുതിയ മാനദണ്ഡങ്ങള്‍ പ്രാബല്യത്തിൽ വരുന്നതോടെ ഇതില്‍ മാറ്റം വരും.






