
കവരത്തി: ഭരണപരിഷ്ക്കാരങ്ങള്‍ക്കെതിരേ ലക്ഷദ്വീപിലും കേരളത്തിലും പ്രതിഷേധം ശക്തമാകുന്നതിനിടയില്‍ എടുത്തിരിക്കുന്ന നടപടികളുമായി മുമ്പോട്ട് പോകാന്‍ അഡ്മിനിസ്റ്റര്‍ പ്രഫുൽ പട്ടേലിന്റെ നിർദേശം. ഇന്നലെ നടന്ന ഓണ്‍ലൈന്‍ മീറ്റിംഗിലാണ് നിര്‍ദേശം നല്‍കിയത്. പ്രതിഷേധങ്ങളെല്ലാം പതിയെ കെട്ടടങ്ങിക്കോളും നടപടിയുമായി മുമ്പോട്ട് പോകാനായിരുന്നു ഉദ്യോഗസ്ഥര്‍ക്ക് നല്കിയ നിര്‍ദേശം.
രാഷ്ട്രപതിക്ക് മുമ്പില്‍ വരെ പരാതി ചെന്നിട്ടും അവയെല്ലാം അഡ്മിനിസ്ട്രേറ്റര്‍ അവഗണിക്കുകയാണ്. ജനവിരുദ്ധ നടപടികള്‍ക്കെതിരെ കേരളത്തിലും രാജ്യത്തൊന്നാകെയും ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. അതിനിടയില്‍ ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ നടപടികളെ ന്യായീകരിക്കും വിധത്തില്‍ ഇവിടെ നടക്കുന്ന റിക്രൂട്ട്മെൻറുകൾ പുനപ്പരിശോധിക്കാൻ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി നിര്‍ദേശവും ഉണ്ടായിരിക്കുകയാണ്.
നിലവിലുള്ള റിക്രൂട്ട്മെന്റ് കമ്മിറ്റിയിലെ അംഗങ്ങളെ കുറിച്ചും കാലാവധിയും അറിയിക്കണമെന്ന് ഉത്തരവിൽ പറയുന്നു. ലക്ഷദ്വീപിലേക്ക് സ്ഥലംമാറ്റം ലഭിച്ചവരെ കുറിച്ചുള്ള വിവരങ്ങൾ റിപ്പോർട്ട് ചെയ്യണം. സർക്കാർ ഉദ്യോഗസ്ഥരുടെ കാര്യക്ഷമത നിര്‍ണയിച്ച് കഴിവ് കുറഞ്ഞവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു. എല്ലാ വകുപ്പുതല മേധാവികൾക്കുമാണ് നിർദേശം നല്‍കിയത്.
അതിനിടെ തുടർ പ്രതിഷേധ നടപടികൾ ചർച്ച ചെയ്യാന്‍ ദ്വീപിലെ എല്ലാ രാഷ്ട്രീയ പാർട്ടികളെയും പങ്കെടുപ്പിച്ച് നാളെ ഓൺലൈൻ വഴി ലക്ഷദ്വീപിൽ സർവകക്ഷി യോഗം ചേരുന്നുണ്ട്. കേരളത്തിലെ അടക്കം രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തെ അനേകരാണ് അഡ്മിനിസ്ട്രേറ്ററുടെ നടപടിക്കെതിരേ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതികരിച്ചിരിക്കുന്നത്. പ്രശ്നത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് ബിജെപി ലക്ഷദ്വീപ് ഘടകവും കത്തയച്ചിട്ടുണ്ട്.
അതിനിടയില്‍ ലക്ഷദ്വീപിനെ കേരളാഹൈക്കോടതിയില്‍ നിന്നും കര്‍ണാടകാ ഹൈക്കോടതിക്ക് കീഴിലേക്ക് മാറ്റാനും ശ്രമം നടക്കുന്നുണ്ട്. ചരക്കുനീക്കം ബേപ്പൂര്‍ തുറമുഖത്ത് നിന്നും മാറ്റി മംഗലാപുരത്ത് നിന്നാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ലക്ഷദ്വീപിന്റെ കേരള ബന്ധത്തിന് തടയിട്ട് ബിജെപി ഭരിക്കുന്ന കര്‍ണാടകാ സര്‍ക്കാരിന് കീഴിലാക്കാനുള്ള നീക്കമാണ നടക്കുന്നതെന്നാണ് ആരോപണം.






