
കൊച്ചി : അന്യസംസ്ഥാന തൊഴിലാളികളുമായി അവരുടെ ജന്മനാട്ടിലേക്ക് പോയ നൂറു കണക്കിന് ബസുകളില്‍ ആയിരത്തിലധികം മലയാളികള്‍ അസമില്‍ തിരിച്ചുവരാന്‍ കഴിയാത്ത സാഹചര്യത്തില്‍ ദുരിതം അനുഭവിക്കുന്നു. ലോക്ഡൗണിനെ തുടര്‍ന്ന് കുടുങ്ങിപ്പോയ ഇവരുടെ കൈവശം ഭക്ഷണം കഴിക്കാനോ ഡീസലടിക്കാനോ പണമില്ലാതെയും തിരിച്ചുപോരാനാകാതെയും കഷ്ടപ്പെടുന്നതായിട്ടാണ് വിവരം.
ലോക്ഡൗണിനെ തുടര്‍ന്ന് 40 ദിവസമായി അസമില്‍ 400 ബസുകളാണ് തിരിച്ചുവരാന്‍ കഴിയാത്ത സ്ഥിതിയിലായി പോയത്. പശ്ചിമബംഗാള്‍ അതിര്‍ത്തിയില്‍ ദുരിതം അനുഭവിക്കുന്നതിനിടയില്‍ പത്തുദിവസത്തിനകം സംസ്ഥാനം വിട്ടില്ലെങ്കില്‍ ബസുകള്‍ സറണ്ടര്‍ ചെയ്യേണ്ടി വരുമെന്ന് അസം സര്‍ക്കാര്‍ അറിയിക്കുകയും ചെയ്തിരിക്കുകയാണ്. അസമിലേയും ബംഗാളിലേയും നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യിക്കാനായി ഇതര സംസ്ഥാനക്കാരുമായി പെരുമ്പാവൂരിൽനിന്നു പുറപ്പെട്ട ബസുകളാണ് ഏജന്റുമാരുടെ കബളിപ്പിക്കലിന് ഇരയായതും ലോക്ഡൗണില്‍ കുടുങ്ങിയതും.
വോട്ട് ചെയ്യിച്ചു പോയവരുമായി ഉടന്‍ മടങ്ങുക ലക്ഷ്യമിട്ടാണ് പോയതെങ്കിലും ലോക്ഡൗൺ വന്നതോടെ കുടുങ്ങി. കേരളത്തില്‍ കോവിഡ് വ്യാപനം കൂടിയതോടെ തൊഴിലാളികൾ തിരികെ വരാൻ തയാറാകുന്നില്ല. ഒരു ഭാഗത്തേക്കു മാത്രമുള്ള പ്രതിഫലം മാത്രമാണ് വാഹനം വിളിച്ച ഏജന്റുമാര്‍ നല്‍കിയിരിക്കുന്നത്. ഇവരെ ഇപ്പോള്‍ ഫോണിൽ പോലും കിട്ടാതായതോടെ കാലിബസുകള് തിരിച്ചുവരേണ്ടി വരും. യാത്രക്കാരില്ലാതെ ആയിരക്കണക്കിനു കിലോമീറ്റർ യാത്ര ചെയ്യേണ്ടിവരും. ഇന്ധനമടിക്കാന്‍ മാത്രം അരലക്ഷത്തോളം രൂപ വേണം.
ടോളുകള്‍ കടന്നുവരാന്‍ 12,000 രൂപയും. പുറമേ ഓരോ ചെക്പോസ്റ്റിലും പൊലീസ് പരിശോധനാ സ്ഥലത്തും കോഴ നൽകണം.
ബസുകളുടെ പെർമിറ്റ് പുതുക്കി നൽകാൻ സഹായിക്കുമെന്ന സംസ്ഥാന സർക്കാരിന്റെ വാഗ്ദാനം തിരിച്ചുവരവിനു സഹായകമാകുന്നില്ലെന്നു ജീവനക്കാർ പറയുന്നു. മടക്കയാത്ര അനിശ്ചിതമായി തുടരുമ്പോള്‍ ബസുകളും വെറുതേ കിടന്നു നശിക്കുകയാണ്. ബംഗാൾ മുർഷിദാബാദ് ജില്ലയിലെ ദോംകൾ പട്ടണത്തിലാണ് ബസുകളും ജീവനക്കാരും.
ഇതിനിടെ കോവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് അസം-ബംഗാള്‍ അതിര്‍ത്തിയില്‍ കുടുങ്ങിയ സ്വകാര്യ ബസ് ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു. തൃശൂര്‍ ജില്ലയിലെ പാവറട്ടി വെണ്മേനാട് കൈതമുക്ക് കുളങ്ങരകത്ത് പുളിക്കല്‍ പരേതനായ മുഹമ്മദിന്റെ മകന് നജീബ് (46) ആണു മരിച്ചത്.
അസം-പശ്ചിമബംഗാള്‍ അതിര്‍ത്തിയായ അലിപൂരിലാണു സംഭവം. അതിഥി തൊഴിലാളികളുമായി കഴിഞ്ഞമാസം 18ന് കേരളത്തില്‍നിന്നുപോയ ജയ്ഗുരു ട്രാവല്‍സിന്റെ ഉടമസ്ഥതയിലുള്ള രണ്ടു ബസുകളില്‍ ഒന്നിന്റെ ഡ്രൈവറാണു നജീബ്.






