
ന്യൂഡല്‍ഹി: കോവിഡിലെ ഭരണ പരാജയവും ലക്ഷദ്വീപ് വിഷയവുമെല്ലാം വന്‍ ചര്‍ച്ചയായി മുന്നില്‍ നില്‍ക്കെ വന്‍ പ്രതിഷേധത്തിന് കാരണമായിമാറിയ ദേശീയ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ കേന്ദ്രം. ഇതിനായി അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലീം ഇതര അഭയാര്‍ത്ഥികളില്‍ നിന്നും പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചു.
2019 ല്‍ കൊണ്ടു വന്ന നിയമം ചട്ടങ്ങള്‍ കൃത്യമായി രൂപപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ ഉടന്‍ നടപ്പാക്കുന്നില്ലെന്നായിരുന്നു കേന്ദ്രം നേരത്തേ പറഞ്ഞിരുന്നത്. അതിനെയെല്ലാം മറികടന്ന് ക്ഷണത്തില്‍ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഉത്തരവിറക്കിയത്. 1955 പൗരത്വ നിയമത്തിന് കീഴിൽ, 2009ൽ രൂപപ്പെടുത്തിയ ചട്ടങ്ങൾ പ്രകാരം ഉത്തരവ് ഉടന്‍ നടപ്പാക്കുമെന്ന കേന്ദ്രസര്‍ക്കാര്‍ പറയുന്നു. അഞ്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ 13 ജില്ലകളിലായി ഇന്ത്യയിൽ താമസമാക്കിയ ഹിന്ദു, ബുദ്ധ, ജൈന, ക്രൈസ്തവ, പാഴ്സി വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പൗരത്വത്തിന് അപേക്ഷിക്കാന്‍ അനുമതി.
പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ ന്യൂനപക്ഷമായ മുസ്ലിമേതര വിഭാഗത്തില്‍ പെട്ട 2014 ഡിസംബര്‍ 31 വരെ ഇന്ത്യയില്‍ എത്തിയവര്‍ക്കാണ് അപേക്ഷിക്കാനാകുക. രണ്ടു വര്‍ഷം മുമ്പ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഇന്ത്യയില്‍ ഉടനീളവും അതിശക്തമായ എതിര്‍പ്പുകള്‍ വിളിച്ചുവരുത്തിയ നിയമമാണ് വീണ്ടും കൊണ്ടുവരുന്നത്.
ഗുജറാത്ത്, രാജസ്ഥാന്, ഛത്തീസ്ഗഡ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലായി 13 ജില്ലകളില്‍ ഈ മതവിഭാഗങ്ങളില്‍ നിന്നും അനേകര്‍ ഇന്ത്യയിലുണ്ട്. ഗുജറാത്തിലെ മോര്‍ബി, രാജ്കോട്ട്, പത്താന്, വഡോദര ജില്ലകള്‍. ഛത്തീസ്ഗഡിലെ ദര്‍ഗ്, ബാലോദാര് ബസാര്‍, രാജസ്ഥാനിലെ ജലോര്‍, ഉദയ്പൂര്‍, പാലി, ബാര്‍ബര്‍, സിറോഹി ജില്ലകള്‍, ഹരിയാനയിലെ ഫരീദാബാദ്, പഞ്ചാബിലെ ജലന്ധര്‍ എന്നിവയാണ് ജില്ലകള്‍.
അപേക്ഷകരില്‍ നിന്നും അര്‍ഹരെ തീരുമാനിക്കുക സംസ്ഥാന ആഭ്യന്തര സെക്രട്ടറിമാറും ജില്ലാകളക്ടര്മാരുമാണ്. ഇവര്‍ റിപ്പോര്‍ട്ട് നല്കി ഏഴു ദിവസത്തിനുള്ളില്‍ കേന്ദ്രം തീരുമാനം എടുക്കും. 2019 ല്‍ വന്‍ പ്രതിഷേധങ്ങള്‍ക്ക് ഇടയിലാണ് പാര്‍ലമെന്റ് നിയമം പാസ്സാക്കിയെടുത്തത്. മുസ്ളീം വിഭാഗത്തില്‍ നിന്നുള്ളവരെ മാറ്റി നിര്‍ത്തുന്നത് വിഭാഗീകത സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും എല്ലാവര്ക്കും തുല്യത എന്ന ഭരണഘടന വിഭാവനം ചെയ്തിരിക്കുന്ന നിയമങ്ങളുടെ ലംഘനമാണെന്നുമായിരുന്നു ആരോപണം.






