
തിരുവനന്തപുരം: ലക്ഷദ്വീപ് നിവാസികൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സംസ്ഥാന നിയമസഭ നാളെ പ്രമേയം പാസ്സാക്കും. ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചക്ക് കെ കെ ശൈലജ നാളെ തുടക്കമിടും. സഭാ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത നന്ദിപ്രമേയ ചർച്ച തുടങ്ങിവെക്കുന്നത്.
അഡ്മിനിസ്ട്രേറ്ററുടെ പരിഷ്ക്കാരങ്ങൾക്കെതിരായ ദ്വീപ് നിവാസികളുടെ പ്രതിഷേധത്തിന് സംസ്ഥാന നിയമസഭ ഐക്യദാർഡ്യം പ്രഖ്യാപിക്കും. ദ്വീപ് പ്രശ്നത്തിൽ മുഖ്യമന്ത്രിയാണ് നാളെ ഔദ്യോഗിക പ്രമേയം അവതരിപ്പിക്കുക. ചട്ടം 118 പ്രകാരം ഉള്ള പ്രത്യേക പ്രമേയത്തെ പ്രതിപക്ഷവും അനുകൂലിക്കും.
ദ്വീപ് ജനതയുടെ ആശങ്ക അടിയന്തിരമായി പരിഹരിക്കണമെന്നും വിവാദ പരിഷ്ക്കാരങ്ങൾ പിൻവലിക്കണമെന്നും പ്രമേയം ആവശ്യപ്പെടും. നയപ്രഖ്യാപന പ്രസംഗത്തിന്മേൽ മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന നന്ദി പ്രമേയ ചർച്ചക്ക് നാളെ തുടക്കമാകും. ഭരണപക്ഷത്ത് നിന്നും സിപിഎം വിപ്പ് കൂടിയായ കെ കെ ശൈലജയാണ് ചർച്ച തുടങ്ങിവെക്കുക. ഇതാദ്യമായാണ് ഒരു വനിത നന്ദിപ്രമേയ ചർച്ച തുടങ്ങുന്നത്.
ഈയാഴ്ച ചോദ്യോത്തരവേളയില്ല. പ്രതിപക്ഷം അടിയന്തിരപ്രമേയം കൊണ്ടുവരുന്നുണ്ടെങ്കിൽ അതാകും നാളെത്തെ ആദ്യനടപടി അതിന് ശേഷമാകും ലക്ഷദ്വീപ് പ്രമേയം. അടിയന്തിരപ്രമേയം ഇല്ലെങ്കിൽ പ്രമേയത്തോടെ സഭാനടപടി തുടങ്ങും.






