
കൊല്‍ക്കത്ത: രാജ്യത്ത് പ്രതിപക്ഷത്ത് നില്ക്കുന്ന മുഖ്യമന്ത്രിമാര്‍ കേന്ദ്രത്തിലെ ഏകാധിപത്യ ഭരണകൂടത്തിനെതിരേ ശബ്ദമുയര്‍ത്താന്‍ ഭയപ്പെടരുതെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി. 'പേടിച്ചോടുന്നവര്‍ക്ക് മരണം നിശ്ചയമാണ്'' എന്ന 70 കളിലെ ഹിറ്റ് ചിത്രം ഷോലേയിലെ പ്രശസ്തമായ പഞ്ച് ഡയലോഗ് ആവര്‍ത്തിച്ചാണ് കേന്ദ്രത്തെ ശക്തിയുക്തം എതിര്‍ക്കുമെന്ന് വ്യക്തമാക്കിയത്.
ബിജെപിയ്ക്കും കേന്ദ്രസര്‍ക്കാരിനും എതിരേ രൂക്ഷമായ ഭാഷയിലാണ് മമത പ്രതികരിച്ചത്. ഫെഡറല്‍ സംവിധാനങ്ങളെ ബുള്‍ഡോസര്‍ കൊണ്ടു ഇടിച്ചുനിരത്താന്‍ ശ്രമിക്കുന്ന നരേന്ദ്രമോഡി നയിക്കുന്ന കേന്ദ്രസര്‍ക്കാരിന് ഒരു ദിവസം ഇതിനെല്ലാം വലിയ വിലകൊടുക്കേണ്ടി വരുമെന്നു മുന്നറിയിപ്പും നല്കി. ബംഗാളികള്‍ ഭീഷണികളില്‍ പതറില്ലെന്നും തോല്ക്കുന്നവരല്ലെന്നും തല ഉയര്‍ത്തിപ്പിടിച്ച് തന്നെ എപ്പോഴും നടക്കുമെന്നും മമത പറഞ്ഞു. കോവിഡ് പ്രതിരോധ പരിപാടികള്‍ക്കിടയില്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാദ്ധ്യായയെ ഇന്നലെ കേന്ദ്രം തിരിച്ചുവിളിച്ച നടപടിക്കെതിരേ രൂക്ഷ വിമര്‍ശനം നടത്തിയ മമത അദ്ദേഹത്തെ രാജിവെയ്പിച്ച് മുഖ്യ ഉപദേഷ്ടാവാക്കി മാറ്റിയിരുന്നു.
ബന്ദോപാദ്ധ്യായയെ തിരിച്ചുവിളിച്ച നടപടിക്ക് രൂക്ഷ വിമര്‍ശനം നടത്തുകയും ചെയ്തു. ഇത് ഒരു രാഷ്ട്രീയ അജണ്ഡയാണെന്നും ഇതുപോലെ ഹൃദയശൂന്യനും ക്രൂരനുമായ ഒരു പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും ഇപ്പോള്‍ അവര്‍ ലക്ഷ്യമിട്ടിരിക്കുന്നത് മമതയുടെ ചീഫ് സെക്രട്ടറിയേയും ഉദ്യോഗസ്ഥരെയുമാണെന്നും ഫെഡറലിസം എന്നാല്‍ പറയുന്നത് കേള്‍ക്കുക എന്നത് മാത്രമാക്കി അവര്‍ ചുരുക്കിയെന്നും പറഞ്ഞു. മമതാ ബാനര്‍ജി അവരെ തോല്‍പ്പിച്ചതിനാല്‍ തിങ്കളാഴ്ചത്തെ കത്ത് രാഷ്ട്രീയ ലക്ഷ്യം മുന്നില്‍ വെച്ചുള്ളതാണെന്നും വിമര്‍ശിച്ചു.
പല കാര്യങ്ങളിലുമുള്ള പരാജയങ്ങള്‍ മറയ്ക്കാന്‍ ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്ന് മമത ആരോപിച്ചു. കോവിഡ് കൈകാര്യം ചെയ്യല്‍, സാമ്പത്തീക തകര്‍ച്ച തടയാനുളള ശ്രമം, കാര്‍ഷിക തകര്‍ച്ചയുടെ അതിജീവനം തുടങ്ങി എല്ലാ മേഖലകളിലും കേന്ദ്രസര്‍ക്കാര്‍ വന്‍ പരാജയമായി. കേന്ദ്രസര്‍ക്കാരിനെതിരേ പ്രതിപക്ഷത്തെ മുഖ്യമന്ത്രിമാരെല്ലാം ഒരുപോലെ ശബ്ദമുയര്‍ത്തണം. കേന്ദ്രസര്‍ക്കാരിനും സംസ്ഥാനാ സര്‍ക്കാരുകള്‍ക്കും ഇടയില്‍ എല്ലായ്പ്പോഴും ഒരു ലക്ഷ്മണരേഖയുണ്ട്. സംസ്ഥാനങ്ങളോട് കൂടി അഭിപ്രായം തേടുക എന്നത് സര്‍ക്കാരിയ കമ്മീഷന് ശിലയിട്ട് സുപ്രീംകോടതി ശരിവെച്ചതാണ്.
ശരിയായ ന്യായീകരണമോ കാരണങ്ങളോ കൂടാതെ പുറകേപുറകേ കത്തയയ്ക്കുന്നു. ഏകാധിപത്യത്തിനും നീതിനിഷേധത്തെനും എതിരേ നീങ്ങൂമ്പോള്‍ നിങ്ങള്‍ക്ക് നീതി കിട്ടിയെന്ന് വരില്ല. പക്ഷേ അതുകൊണ്ട് ഞങ്ങളുടെ പോരാട്ടത്തെ ഇല്ലാതാക്കാനാകില്ലെന്നും പറഞ്ഞു. മമതാബാനര്‍ജിയുടെ നിലപാടിന് പിന്തുണയും ഏറുന്നുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ആയിരുന്നു ആദ്യം പിന്തുണയുമായി എത്തിയത്. കോവിഡിനെതിരേ ഒരുമിച്ച് നിന്ന് പോരാടേണ്ട സാഹചര്യത്തില്‍ സംസ്ഥാനസര്‍ക്കാരുകളോട് വഴക്കടിക്കേണ്ട സമയമാണോ എന്നായിരുന്നു കെജ്രിവാളിന്റെ ചോദ്യം.






