
ന്യൂഡൽഹി: ലക്ഷദ്വീപിലേക്ക് യാത്രാനുമതി നൽകണം എന്നാവശ്യപ്പെട്ട് കത്തുനൽകി കേരളത്തിൽ നിന്നുള്ള എംപിമാർ. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കും കവരത്തി അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റിനുമാണ് എംപിമാർ കത്തു നൽകിയത്. ഇടതുപക്ഷ എംപിമാരായ എളമരം കരീം, ബിനോയ് വിശ്വം, തോമസ് ചാഴിക്കാടൻ, എം. വി. ശ്രേയാംസ് കുമാർ, ഡോ. വി. ശിവദാസൻ, കെ. സോമപ്രസാദ്, എ. എം. ആരിഫ്, ജോൺ ബ്രിട്ടാസ് എന്നിവർ ലക്ഷദ്വീപ് സന്ദർശിക്കുമെന്ന് എളമര കരീം എം പി അറിയിച്ചു. അനുമതി നൽകിയില്ലെങ്കിൽ നിയമപരമായ നടപടി സ്വീകരിക്കുമെന്നും ഏളമരം കരീം വ്യക്തമാക്കി.
''ലക്ഷദ്വീപിലെ സമരങ്ങളെക്കുറിച്ച് അമിത് ഷായെ ബോധിപ്പിച്ചു. കരട് നിയമം തദ്ദേശവാസികളുമായും ജില്ലാ പഞ്ചായത്ത് പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് അഭിപ്രായ സമന്വയം നടത്തി മാത്രമേ നിയമം പ്രാബല്യത്തില്‍ വരുത്തൂവെന്നും അദ്ദേഹം ഉറപ്പ് നല്കി. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നും അമിത് ഷായോട് ആവശ്യപ്പെട്ടു''.- എംപി പറഞ്ഞു.
തദ്ദേശവാസികളുടെ അഭിപ്രായം മാനിക്കാതെ പുതിയ നിയമങ്ങള്‍ നടപ്പാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നല്‍കിയെന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ ഇന്നലെ പറഞ്ഞിരുന്നു. അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു മുഹമ്മദ് ഫൈസലിന്റെ പ്രതികരണം. അഡ്മിനിസ്ട്രേറ്റര്‍ കൊണ്ടുവന്ന പുതിയ നിയമങ്ങളുടെ കരടിനെ ശക്തമായി എതിര്‍ത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






