
കൊല്‍ക്കത്ത: മാധ്യമപ്രവര്ത്തകന് വിനോദ് ദുവെയ്ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം റദ്ദാക്കിയത് കാറ്റ് തിരിച്ചടിക്കുന്നതിന്റെ സൂചന യാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എം.പി മഹുവ മൊയ്ത്ര. പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമല്ലെന്ന സുപ്രീം കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മഹുവാ മൊയ്ത്രയുടെ പ്രതികരണം.
ട്വിറ്ററിലൂടെയായിരുന്നു മഹുവയുടെ പ്രതികരണം. ‘തിര മാറിയടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. മാധ്യമപ്രവര്ത്തകന് വിനോദ് ദുവെയ്ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം സുപ്രീം കോടതി റദ്ദാക്കി,’ മഹുവ ട്വിറ്ററില്‍ കുറിച്ചു. ജൂണ്‍ മൂന്നിനാണ് സുപ്രീംകോടതിയുടെ നടപടി. ദല്‍ഹി വംശഹത്യയെക്കുറിച്ചുള്ള ഒരു പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചു എന്ന പേരിലാണ് വിനോദ് ദുവെയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചാര്‍ത്തപ്പെട്ടത്.
എന്നാല്‍ ഇതിനെതിരേയുള്ള ഹര്‍ജി പരിഗണനയില്‍ വന്നപ്പോള്‍ 1962ലെ ഉത്തരവ് ചൂണ്ടിക്കാട്ടിയ കോടതി ഈ വിധിപ്രകാരം എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള കുറ്റങ്ങളില്‍ നിന്നും സംരക്ഷണമുണ്ടെന്ന് കോടതി പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്ക് രാജ്യദ്രോഹക്കുറ്റത്തിനെതിരെ സംരക്ഷണം നല്‍കേണ്ടത് അനിവാര്യതയാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഹിമാചല്‍ പ്രദേശിലെ ഒരു ബി.ജെ.പി നേതാവ് നല്കിയ പരാതിയിലായിരുന്നു വിനോദ് ദുവെക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. വ്യാജവാര്‍ത്ത പ്രചരിപ്പിക്കല്‍, പൊതുശല്യം സൃഷ്ടിക്കല്‍, അപകീര്‍ത്തിപ്പെടുത്തല്‍, സമൂഹത്തില്‍ കുഴപ്പങ്ങളുണ്ടാക്കുന്ന വിധത്തില്‍ പ്രസ്താവന നടത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയായിരുന്നു ദുവെയ്ക്ക് മേല്‍ ഹിമാചല്‍ സര്‍ക്കാര്‍ കേസെടുത്തിരുന്നത്.
എന്നാല്‍ കലാപത്തിന് ആഹ്വാനം ഉണ്ടാകാത്ത വിധത്തിലുള്ള വിമര്‍ശനം നടത്തുന്നത് രാജ്യദ്രോഹത്തിന്റെ പരിധിയില്‍ വരുന്ന കുറ്റമല്ലെന്ന് കോടതി വിലയിരുത്തി. അക്രമത്തിന് പ്രേരിപ്പിക്കല്‍, ക്രമസമാധാനത്തിന് വിഘാതമുണ്ടാക്കുന്ന നടപടികള്‍ എന്നിവയെ രാജ്യദ്രോഹത്തിന്റെ പരിധിയില്‍ വരികയുള്ളൂ. പ്രധാനമന്ത്രിയെ വിമര്‍ശിക്കുക മാത്രമാണ് ഇവിടെ ചെയ്തിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ വിമര്‍ശിച്ചു എന്ന പേരില്‍ രാജ്യദ്രോഹമായി എടുക്കാന്‍ കഴിയില്ല,’ എന്നായിരുന്നു സുപ്രീം കോടതി പരാമര്‍ശം.






