
ചണ്ഡീഗഡ് : പഞ്ചാബ് സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ക്ക് കൊറോണ വാക്സിന് മറിച്ചുവിറ്റെന്ന ആരോപണം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി ബിഎസ് സിദ്ധു. സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്ന് പറഞ്ഞ മന്ത്രി തന്റെ വകുപ്പിന് വാക്സിനു മേല്‍ നിയന്ത്രണമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനും ശ്രമിച്ചു.
തനിക്ക് വാക്സിനുകള്‍ക്കു മേല്‍ നിയന്ത്രണമില്ലെന്നും ചികിത്സ, പരിശോധന, സാമ്പിള്‍ ശേഖരണം, വാക്സിനേഷന് ക്യാമ്പുകള്‍ തുടങ്ങിയ കാര്യങ്ങളാണ് താന്‍ ശ്രദ്ധിക്കുന്നത് എന്നുമായിരുന്നു മന്ത്രിയുടെ മറുപടി. സംസ്ഥാന സര്‍ക്കാര്‍ കൊറോണ വാക്സിന് കൊള്ള ലാഭത്തിന് സ്വകാര്യ ആശുപത്രികള്‍ക്ക് വില്ക്കുന്നെന്നാണ് ശിരോമണി അകാലി ദള്‍ ആരോപിച്ചത്. ഇതിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
സര്‍ക്കാര്‍ നാല്‍പ്പതിനായിരം ഡോസ് കൊറോണ വാക്സിന് വന്‍ലാഭത്തില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് വിറ്റതായി അകാലി ദള്‍ അദ്ധ്യക്ഷന്‍ സുഖ്ബീര്‍ സിംഗ് ബാദല്‍ ആണ് ആരോപിച്ചത്. ഡോസ് ഒന്നിന് 400 രൂപയ്ക്ക് വാങ്ങിയ വാക്സിന് സ്വകാര്യ ആശുപത്രികള്‍ക്ക് ഡോസ് ഒന്നിന് 1,060 രൂപയ്ക്കാണ് വിറ്റതെന്നും ഒരോ ഡോസിലും 660 രൂപ ലാഭമുണ്ടാക്കിയെന്നുമായിരുന്നു ആരോപണം. ഇത്തരത്തില്‍ സ്വകാര്യ മേഖലയ്ക്ക് വാക്സിന് നല്‍കുന്നത് കൃത്രിമക്ഷാമം സൃഷ്ടിക്കാനാണെന്നും വിഷയത്തില്‍ ഹൈക്കോടതി അന്വേഷണം വേണമെന്നും സുഖ്ബിര്‍ ആവശ്യപ്പെട്ടു.






