
തിരുവനന്തപുരം : കോവിഡ് മഹാമാരി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ മറികടക്കുന്നതിന് ഊന്നല്‍ നല്‍കുന്നതാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. വികസനത്തിന് കിഫ്ബിയെത്തന്നെയായിരിക്കും ഈ സര്‍ക്കാരും ആശ്രയിക്കുകയെന്നു പുതിയ ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ ബജറ്റ് സൂചിപ്പിക്കുന്നു. മറ്റു തരത്തിലുള്ള മൂലധന വര്‍ധനയ്ക്കു ശ്രമങ്ങളുണ്ടാകുമെന്നും ബജറ്റ് പറയുന്നു.
മൂലധവര്ധനയും തൊഴില്‍ സൃഷ്ടിയുമായിരിക്കും ഈ സര്‍ക്കാരിന്റെ മുഖ്യ അജന്‍ഡയെന്ന സൂചനയാണ് ബജറ്റിലുള്ളത്. വികസനവും കരുതലും എന്ന ഒന്നാം പിണറായി സര്‍ക്കാരിന്റെ മുദ്രാവാക്യം തുടരും. നേരത്തെയുള്ള ബജറ്റിന്റെ നയങ്ങളില്‍നിന്നു വ്യതിചലിച്ചിട്ടില്ലെങ്കിലും മുന്‍ഗണനയ്ക്കു ചില മാറ്റങ്ങളുണ്ടാകുമെന്ന സൂചനയുമുണ്ട്.
വായ്പയെടുത്തായാലും ചെലവു വര്‍ധിപ്പിച്ചു സാമ്പത്തികരംഗത്തെ ചലിപ്പിക്കുകയെന്ന ഡോ. തോമസ് ഐസക്കിന്റെ തന്ത്രംതന്നെയാകും ബാലഗോപാലും പിന്തുടരുക. 20,000 കോടി രൂപയുടെ രണ്ടാം കോവിഡ് പാക്കേജ് ഇതിന്റെ ഭാഗമാണ്.
അതേസമയം, ഈ പാക്കേജിനുള്ള പണം ബജറ്റിലില്ലെന്നും പ്രഖ്യാപനം തട്ടിപ്പാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. നിലവിലുള്ള സാമൂഹികക്ഷേമ പദ്ധതികളാണ് പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിനൊപ്പം അടിസ്ഥാനസൗകര്യ വികസനത്തിനുള്ള വിഹിതവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തല്‍ക്കാലത്തേക്കു പണമുണ്ടെങ്കിലും വരുംദിവസങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്ന് മന്ത്രി വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, ജി.എസ്.ടി. സംവിധാനമായതിനാല്‍ കേരളത്തിനു നികുതി വര്‍ധിപ്പിക്കുന്നതിനു പരിമിതിയുണ്ട്.
മദ്യം, ലോട്ടറി തുടങ്ങി സംസ്ഥാനത്തിന് അധികാരമുള്ളവയുടെ നികുതിമാത്രമേ വര്‍ധിപ്പിക്കാന്‍ കഴിയൂ. തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റും നിലനില്‍ക്കുമെന്നു ബാലഗോപാല്‍ പറയുന്നു. അതിലുള്ള വമ്പന്‍ പദ്ധതി പ്രഖ്യാപനങ്ങള്‍ക്കുള്ള പണം എവിടെനിന്നു കണ്ടെത്തുമെന്നതും പ്രധാനവിഷയമാണ്.
ഈ വര്‍ഷവും സംസ്ഥാനത്തിന്റെ പ്രധാന വരുമാന മാര്‍ഗം കടമെടുക്കല്‍ തന്നെയായിരിക്കുമെന്നാണ് വ്യക്തമാകുന്നത്. കുറച്ചു വര്‍ഷങ്ങളായി സംസ്ഥാനത്തിന്റെ പൊതുകടം പെരുകിക്കൊണ്ടിരിക്കുകയാണ്. കടം 2021-22 സാമ്പത്തിക വര്‍ഷം 3,32,277 കോടി രൂപയായി ഉയരുമെന്നാണു വിലയിരുത്തല്‍. 2001-ല്‍ 25,754 കോടി രൂപയായിരുന്ന കടമാണ് ഈ നിലയില്‍ എത്തിയത്. 20 വര്‍ഷം കൊണ്ട് മൂന്നു ലക്ഷം കോടി രൂപ കടമെടുത്തെന്നു ചുരുക്കം. ഈ വര്‍ഷം 36,800 കോടി രൂപ കടമെടുക്കേണ്ടിവരും.
ആര്. സുരേഷ്






