
ന്യൂഡല്‍ഹി: ദേശീയ നേതൃത്വത്തിന്റെ രണ്ടുദിന സന്ദര്‍ശനത്തിന് പിന്നാലെ ഉത്തര്‍പ്രദേശ് സര്‍ക്കാരും ബിജെപി കേന്ദ്രനേതൃത്വവും തമ്മിലുള്ള ബന്ധം വഷളാകുന്നതായി റിപ്പോര്‍ട്ട്. കോവിഡ് പ്രതിരോധത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തില്‍ യുപി മന്ത്രിസഭാ പുനസംഘടിപ്പിക്കണമെന്ന കേന്ദ്രത്തിന്റെ നിര്‍ദ്ദേശം ഇവരുവരും തമ്മിലുള്ള അകലം കൂട്ടുന്നതായിട്ടാണ് വിവരം.
സര്‍ക്കാരിനു വീഴ്ച പറ്റിയെന്ന ആരോപണവുമായി പാര്‍ട്ടിയിലെ എം. എല്‍. എ. മാരും എംപി മാരും പോലും രംഗത്തുവന്ന സാഹചര്യത്തിലും അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമെന്ന സാഹചര്യത്തിലുമാണ് കേന്ദ്രം മന്ത്രിസഭ പുന: സംഘടനയെക്കുറിച്ച് ചിന്തിക്കുന്നത്. കേന്ദ്രത്തെ സംബന്ധിച്ചിടത്തോളം രാജ്യത്തെ ഏറ്റവും കൂടുതല്‍ സീറ്റുകളുള്ള സംസ്ഥാനങ്ങളില്‍ പെടുന്ന യുപിയുടെ ഭരണം നിര്‍ണ്ണായകമാണ്. എന്നാല്‍ പുനസംഘടനയെ അംഗീകരിക്കാനാവില്ലെന്ന നിലപാട് യോഗിയും പ്രധാനമന്ത്രിയും തമ്മിലുള്ള അകലം കൂട്ടാന്‍ ഇടയായെന്നാണ് വിവരം.
കഴിഞ്ഞ ദിവസം ജന്മദിനത്തില് യോഗിക്ക് സാമൂഹ്യമാധ്യമങ്ങളിലൂടെ നല്‍കിയിരുന്ന പതിവ് ജന്മദിനാശംസ പ്രധാനമന്ത്രി ഒഴിവാക്കിയത് അനേകരുടെ നെറ്റി ചുളിച്ചിരുന്നു. യോഗി ആദിത്യനാഥും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള പോരിന്റെ സൂചനയായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. എന്നാല്‍ ജന്മദിനമായ ശനിയാഴ്ച യോഗിയെ പ്രധാനമന്ത്രി ഫോണില്‍ വിളിച്ച് ആശംസ പറഞ്ഞിരുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് വെളിപ്പെടുത്തതുന്നു. ഇരുവരും തമ്മില്‍ പോരുണ്ടെന്ന വാദം ബിജെപി ദേശീയ നേതൃത്വം തള്ളിയിട്ടുണ്ട്.
യോഗി ആദിത്യനാഥിന്റെ ഭരണത്തില്‍ ബിജെപി കേന്ദ്രനേതൃത്വത്തിന അതൃപ്തിയുണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മുഖം മിനുക്കുന്നതിന്റെ ഭാഗമായിട്ടാണ് മന്ത്രിസഭാ പുന:സംഘടനയെക്കുറിച്ച് ചിന്തിക്കുന്നത്. കോവിഡ് പ്രതിരോധത്തിന്റെ പേരില്‍ വലിയ വിമര്‍ശനം നേരിടുന്ന സാഹചര്യത്തില്‍ തന്റെ വിശ്വസ്തനായ എ.കെ. ശര്‍മ്മയെ ഉപമുഖ്യമന്ത്രിയാക്കി കൊണ്ടുവരാന്‍ ഒരു ആലോചന നരേന്ദ്രമോഡിയുടെ ഭാഗത്ത് ഉയരുന്നുണ്ട്.
യോഗിയെ മുഖ്യമന്ത്രി പദത്തില്‍ നിന്നും നീക്കം ചെയ്യുന്നത് ബിജെപി നേതൃത്വത്തിന് അത്ര എളുപ്പമല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. ആര്‍എസ്എസിന്റെ ശക്തമായ പിന്തുണയാണ് ഇതിന് കാരണം. അതുകൊണ്ടാണ് മന്ത്രിസഭയിലേക്ക് ശര്‍മ്മയെ ഉള്‍പ്പെടുത്താന്‍ നീക്കം നടത്തുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ യുപിയിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് തിരിച്ചടി കിട്ടിയിരുന്നു. എസ്പിയും ബിഎസ്പിയും മറ്റു പാര്‍ട്ടികളും കരുത്തു കാട്ടുകയും ചെയ്തിരുന്നു. ഇതെല്ലാം കൊണ്ട് വരുന്ന് ഒരു വര്‍ഷം മോശമായി പോയ മുഖം മിനുക്കുകയാണ് ലക്ഷ്യം.
ഇങ്ങനെ പോയാല്‍ 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി. ജെ. പി. യ്ക്ക് തിരിച്ചടിയുണ്ടായേക്കുമെന്ന ആശങ്കയിലാണ് മോദിയും അമിത് ഷായും. എന്നാല്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയ മറച്ചുപിടിക്കാന്‍ കേന്ദ്രം യുപിയ്ക്ക് നേരെ തിരിയുന്നുവെന്നാണു യോഗി ആദിത്യനാഥിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. തെരഞ്ഞെടുപ്പ് യോഗി ആദിത്യനാഥ് തന്നെ നയിക്കുമെന്ന് ബി.ജെ.പി. വൃത്തങ്ങള്‍ അറിയിക്കുമ്പോഴും യോഗിയെ മുന്നില്‍ നിര്‍ത്തി അണിയറയില്‍ കരുത്തരെ കൊണ്ടുവരാനാണ് ബിജെപിയുടെ ശ്രമം.






