
ഉത്തര്‍പ്രദേശ്: കൊവിഡ് രണ്ടംതരംഗം രൂക്ഷമായ ഏപ്രിലില്‍ സ്വകാര്യ ആശുപത്രിയിലെ രോഗികളുടെ അവസ്ഥ അറിയാന്‍ മോക്ക്ഡ്രില്‍ നടത്തി രോഗികള്‍ ഗുരുതരാവസ്ഥയില്‍. ഇതുസംബന്ധിച്ച് ആശുപത്രി ഉടമയുടെ ശബ്ദ സന്ദേശം പുറത്തുവന്നതോടെയാണ് സംഭവം വെളിപ്പെടുന്നത്. അഞ്ചു മിനുട്ടുനേരത്തേക്ക് മോക്ഡ്രില്‍ നടത്തിയപ്പോള്‍ 22രോഗികള്‍ ജീവന് നിലനിര്‍ത്താനാകാതെ പ്രയാസപ്പെട്ടു. ഓക്സിജന്‍ ദൗര്‍ലഭ്യത്തെ തുടര്‍ന്ന് ഈ രോഗികളുടെ ശരീരം നീലനിറത്തിലായെന്നാണ് ഓഡിയോ പറയുന്നത്. അതേസമയം യു പി പോലീസ് സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
രണ്ടാംതരംഗത്തില്‍ ഓക്സിജന്റെ ക്ഷാമം കാരണമാണ് മോക്ക്ഡ്രില്‍ നടത്തേണ്ടിവന്നതെന്ന് വിശദീകരിക്കുന്ന പടിഞ്ഞാറന്‍ യു പിയിലെ പേരസ് ആശുപത്രി ഉടമ അരിന്‍ജെ ജെയിന്റെ ഓഡിയോ സംഭഷണമാണ് പുറത്തുവന്നിരിക്കുന്നത്.
ഓക്സിജന്റെ ക്ഷാമം സംബന്ധിച്ച് യു പി മുഖ്യമന്ത്രിയ്ക്ക് വരെ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ അപ്പോള്‍ ചികില്‍സയിലുള്ള രോഗികള്‍ക്ക് ആവശ്യമായ ഓക്സിജന്‍ എത്തിക്കാന്‍ നടപടികളൊന്നും ഉണ്ടായില്ല. തുടര്‍ന്ന് രോഗികളെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ തുടങ്ങി. എന്നാല്‍ പലരോഗികളും ആശുപത്രി വിടാന്‍ വിസമ്മതിച്ചു. തുടര്‍ന്നാണ് തങ്ങള്‍ മോക്ക്ഡ്രില്‍ നടത്താന്‍ തീരുമാനിച്ചത്. അഞ്ച് മിനുട്ട് നേരത്തേക്ക് ഓക്സിജന്‍ വിതരണം നിര്‍ത്തിവെച്ചായിരുന്നു മോക്ഡ്രില്‍ നടത്തിയത്. തുടര്‍ന്ന് 22 രോഗികള്‍ ശ്വസിക്കാനാകാതെ നീലനിറത്തിലായെന്നും അങ്ങനെ അവര്‍ മരണപ്പെടുമെന്ന് മനസ്സിലാക്കിയെന്നുമാണ് ഓഡിയോ സംഭഷണത്തില്‍ പറയുന്നു.






