
കൊച്ചി: കൊച്ചിയില്‍ യുവതിയെ ഫ്ളാറ്റില്‍ ബന്ദിയാക്കി ബലാത്സംഗം ചെയ്യുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത കേസില്‍ പ്രതി മാര്ട്ടിന് ജോസഫ് പുലിക്കോട്ടിലിനെതിരെ പരാതിയുമായി മറ്റൊരു യുവതി കൂടി. കൊച്ചി സ്വദേശിനിയാണ് പരാതി നല്‍കിയത്. മറൈന്‍ ഡ്രൈവിലെ മാര്ട്ടിന് ജോസഫിന്റെ ഫ്ളാറ്റില്‍ താമസിപ്പിച്ച് ബലാത്സംഗം ചെയ്തുവെന്നും ക്രൂരമായി മര്‍ദ്ദിച്ചുവെന്നുമാണ് പരാതി.
അതേസമയം, ആദ്യം പരാതി നല്കിയ യുവതിയെ മാര്ട്ടിന് ജോസഫ് മറൈന്‍ ഡ്രൈവിലെ ഫ്ളറ്റില്‍ മാത്രമല്ല, മറ്റു ചില ഫ്ളാറ്റുകളിലും എത്തിച്ചതായി പോലീസിന് തെളിവ് ലഭിച്ചു. ഇവിടെയും സമാനമായ പീഡനങ്ങളും മര്‍ദ്ദനങ്ങളും തുടര്‍ന്നിരുന്നു.
അതിനിടെ, മാര്ട്ടിന് ജോസഫിനെ ഒളിവില്‍ പാര്‍ക്കാന്‍ സഹായിച്ച മൂന്ന് പേര് അറസ്റ്റിലായി. ഇവരുടെ പേര് വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. മാര്ട്ടിന് സ്വദേശിമായ തൃശൂരിലെ മുണ്ടൂരില്‍ എത്തിയതായി മൊബൈല്‍ ഫോണ്‍ ലൊക്കേഷനിലൂടെ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇയാള്‍ വീട്ടിലെത്തിയിട്ടില്ല. ഇയാളുടെ സഹോദരനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. ഇയാള്‍ അറസ്റ്റിലാണോ എന്നും പോലീസ് വ്യക്തമാക്കുന്നില്ല. മാര്‍ട്ടിന്റെ ചില വാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് കൊച്ചിയില്‍ കുടുങ്ങിപ്പോയ കണ്ണൂര്‍ സ്വദേശിനി സുഹൃത്തായ മാര്‍ട്ടിന്റെ ഫ്ളാറ്റില്‍ താമസിക്കാനെത്തിയപ്പോഴായിരുന്നു പീഡനം. ബലാത്സംഗത്തിനു പുറമേ ശരീരം മുഴുവന്‍ പൊള്ളിക്കുകയും നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തുവെന്നാണ് കേസ്.






