
ലക്നൗ: ക്ഷേത്രഭൂമിയിലെ ഗോതമ്പ് വില്ക്കണമെങ്കില് രാമന്റെയും സീതയുടെയും ആധാര്‍ കാര്‍ഡ് വേണമെന്ന് അധികൃതര്‍. ഉത്തര്‍ പ്രദേശിലെ ബാംദ ജില്ലയിലെ പൂജാരി മഹന്ത് രാം കുമാര്‍ ദാസ് ക്ഷേത്രത്തിന്റെ കൃഷിയിടത്തില്‍ വിളഞ്ഞ ധാന്യം വില്‍ക്കാനായി മാര്‍ക്കറ്റില്‍ പോയപ്പോഴാണ് ഭൂ ഉടമയുടെ ആധാര്‍ കാര്‍ഡ് വേണമെന്ന് മനസ്സിലാക്കുന്നത്.
ധാന്യങ്ങള്‍ വില്ക്കണമെങ്കില് സ്ഥലത്തിന്റെ ഉടമയുടെ ആധാര്‍ കാര്‍ഡ് ഹാജരാക്കണമെന്നാണ് നിയമം. ക്ഷേത്രവും ക്ഷേത്രഭൂമിയും പ്രധാന പ്രതിഷ്ഠകളായ ശ്രീരാമന്റെയും സീതാദേവിയുടെയും പേരിലാണ്.
സ്വഭാവികമായും ഇവരുടെ ആധാര്‍ കാര്‍ഡ് ഉണ്ടെങ്കിലെ സര്‍ക്കാര്‍ മണ്ഡിയില്‍ ധാന്യം വില്ക്കാന് കഴിയൂ.
കുര്‍ഹാര വില്ലേജിലെ അട്ടാര എന്ന സ്ഥലത്താണ് സംഭവം. രാം ജാനകി ക്ഷേത്രത്തിലെ പൂജാരിയോടാണ് ദൈവത്തിന്റെ ആധാര്‍ കാര്‍ഡ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്.
100 ക്വിന്റല്‍ ഗോതമ്പാണ് വില്‍പ്പനയ്ക്കായി സര്‍ക്കാര്‍ മണ്ഡിയിലെത്തിച്ചത്. ഏഴ് ഹെക്ടര്‍ വരുന്ന ക്ഷേത്രഭൂമി ശ്രീരാമന്റെയും സീതാദേവിയുടെയും പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ദേവന്റെയും ദേവിയുടെയും പേരിലുള്ള ആധാര്‍ കാര്‍ഡ് എടുക്കാത്തതിനാല്‍ ധാന്യം വില്‍ക്കുന്നതുമായി ബന്ധപ്പെട്ട രജിസ്ട്രേഷന് ഇതുവരെ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. പൂജാരി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനെ കണ്ട് പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല.
ആധാര്‍ കാര്‍ഡുണ്ടെങ്കില്‍ മാത്രമെ രജിസ്ട്രേഷന് നടത്താന്‍ കഴിയുവെന്നാണ് മജിസ്ട്രേറ്റ് വ്യക്തമാക്കിയത്.






