
’ക്രിസില്‍ ജിവിസി ലെവല്‍ 1′ ഗ്രേഡിംഗ് തങ്ങള്‍ക്ക് ലഭിച്ചതായി ഭാരതി എയര്‍ടെല്‍ അറിയിച്ചു. കോര്‍പ്പറേറ്റ് ഭരണം സംബന്ധിച്ച ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള റേറ്റിംഗ് ആണ് ഇത്. "ക്രിസിലിന്റെ ഉയര്‍ന്ന ഗ്രേഡിംഗ് ലഭിച്ചതിൽ സന്തോഷമുണ്ട്. കോര്‍പ്പറേറ്റ് ഭരണ രീതികള്‍ക്കൊപ്പം കമ്പനിയില്‍ അതിന്റെ എല്ലാ പങ്കാളികള്‍ക്കും മൂല്യം സൃഷ്ടിക്കപ്പെടുന്നതും ’ഉയര്‍ന്ന’ തലത്തിലാണെന്ന് ഗ്രേഡിംഗ് വ്യക്തമാക്കുന്നു" റെഗുലേറ്ററി ഫയലിംഗില്‍ എയര്‍ടെല്‍ പറഞ്ഞു.
759 കോടി രൂപയുടെ അറ്റാദായമാണ് ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള പാദത്തില്‍ എയര്‍ടെല്‍ രേഖപ്പെടുത്തിയത്. അതുപോലെ അവലോകന കാലയളവിലെ വരുമാനം 17.6 ശതമാനം ഉയര്‍ന്ന് 25,747 കോടി രൂപയായി. എയര്‍ടെല്‍ രാജ്യത്തെ ടെലികോം വിപണിയില്‍ ഒന്നാം സ്ഥാനക്കാരായിരുന്നു, എന്നാൽ റിലയന്‍സ് ജിയോയുടെ കടന്നുവരവോടെ പ്രതിസന്ധി നേരിട്ടിരുന്നു. അതേസമയം, പിന്നീട് കമ്പനി ശക്തമായ തിരിച്ചുവരവാണ് നടത്തിയതെന്നാണ് റിപ്പോർട്ട്.
എയര്‍ടെലിനെ പ്രതിസന്ധി ഘട്ടങ്ങളില്‍ മുന്നോട്ടു നയിക്കുന്നതില്‍ വൈവിധ്യവത്കരണവും വിപുലീകരണവും മുന്‍കൈയെടുത്തിട്ടുണ്ട്. എയര്‍ടെല്‍ ഇപ്പോള്‍ ഉപഭോക്തൃ അടിത്തറയുടെ ഗുണമേന്മ വര്‍ധിപ്പിക്കുന്ന ബിസിനസ് മോഡലാണ് സ്വീകരിച്ചിട്ടുള്ളത്.






