
ന്യുഡല്‍ഹി: മുട്ടില്‍ മരംകൊള്ളക്കേസില്‍ സര്‍ക്കാരിനെയും സി.പി.ഐയേയും പ്രതികൂട്ടില്‍ നിര്‍ത്തി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. മരംമുറിക്കാനുള്ള ഉത്തരവ് മന്ത്രിസഭ ചര്‍ച്ച ചെയ്ത് എടുത്തതാമണാ അതോ ഒരു ഉദ്യോഗസ്ഥന്റെ മാത്രം തീരുമാനമാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മരംകൊള്ളയില്‍ സി.പി.ഐ നേതാക്കള്‍ മൗനം വെടിയണം.
ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന് മാത്രമെടുത്ത തീരുമാനമാണോ എങ്കില്‍ എന്തുകൊണ്ട് അദ്ദേഹത്തെ സസ്പെന്റു ചെയ്ത് അന്വേഷണം നടത്തുന്നില്ല. മരംമുറിയുടെ ഗുണഭോക്താക്കള്‍ എല്ലാം ഒരാള്‍ തന്നെയാണ്. കര്‍ഷകരെ സഹായിക്കാനാണെങ്കില്‍ എങ്ങനെ മൂന്നു മാസത്തിനു ശേഷം പിന്‍വലിക്കേണ്ടിവന്നു. മൂന്നു മാസം കൊണ്ട് കര്‍ഷകരുടെ പ്രശ്നം പരിഹരിക്കപ്പെട്ടോ? അഴിമതി ഇല്ലാതാക്കുന്ന ഉത്തരവിറക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്നും കെ.സുരേന്ദ്രന് ചൂണ്ടിക്കാട്ടി.
മുറിച്ച മരം പെരുമ്പാവൂര്‍ വരെ എത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കാല്‍കോടി രൂപ കൈക്കൂലി കൊടുത്തുവെന്ന് പ്രതി പറയുന്നു. ഇത് പുറത്തുവന്നിട്ട് 48 മണിക്കൂര്‍ കഴിഞ്ഞിട്ടും കൈക്കൂലി വാങ്ങിയവര്‍ക്കും കൊടുത്തുവര്ക്കും എന്തുകൊണ്ട് നടപടി ഉണ്ടായില്ല.
സര്‍ക്കാര്‍ അറിഞ്ഞുകൊണ്ടുള്ള കടുംവെട്ടാണിത്. ഇത് രാഷ്ട്രീയ തീരുമാനമാണ്. ഇത് ഉദ്യോഗസ്ഥരുടെ മാത്രം തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാന്‍ മുഖ്യമ്രന്തി ശ്രമിക്കേണ്ട. ഉേദ്യാഗസ്ഥരെ രാഷ്ട്രീയമായി ഭീഷണിപ്പെടുത്തുന്നു. വില്ലേജ് ഓഫീസറെയും വനംവകുപ്പ് ജീവനക്കാരേയും മരം കടത്തിയത് തടഞ്ഞവരെയും തിരുവനന്തപുരത്ത് നിന്ന് വിളിച്ച് ഭീഷണിപ്പെടുത്തുന്നു. അേന്വഷണം അട്ടിമറിക്കാന്‍ ആരാണ് ഇടപെടുന്നത്. മരംമുറിയുടെ തെളിവുകള്‍ നശിപ്പിക്കാന്‍ തീവയ്പ് വരെ നടത്തി. ഒരു ഐ.പി.എസ് ഓഫീസര്‍ അന്വേഷിച്ചാല്‍ കുറ്റക്കാര്‍ പിടിക്കപ്പെടില്ലെന്നും സൂരേന്ദ്രന് പറഞ്ഞു.
വീരപ്പന്മാരുടെ ഭരണമാണ് ഇവിടെ നടക്കുന്നത്. പഴയ വനംമ്രന്തിയോ അദ്ദേഹത്തിന്റെ പാര്‍ട്ടിയോ എന്താണ് ഒന്നും മിണ്ടാത്തത്. കാനം രാജേന്ദ്രന് എന്താണ് മൗനം പാലിക്കുന്നത്. പരിസ്ഥിതി വാദിയെന്ന് അവകാശപ്പെടുന്ന ബിനോയ് വിശ്വം എന്താണ് ഒന്നും മിണ്ടാത്തത്. വനം വകുപ്പ് എന്തിനാണ് ഇത്തവണ എന്‍.സി.പിക്ക് വിട്ടുകൊടുത്തത്. ഈ കൊള്ളകള്‍ എല്ലാം സി.പി.ഐ നേതാക്കള്‍ അറിഞ്ഞുകൊണ്ടാണ് നടന്നത്. പൊതുജനത്തിനു മുന്നില്‍ വന്ന് കാനം മറുപടി പറയണം.
വനംമന്ത്രിയായിരുന്ന രാജുവും സി.പി.ഐ നേതാവ് ഇ. ചന്ദ്രശേഖരനും മറുപടി പറയാന്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണ്. സി.പി.എം- സി.പി.ഐ നേതാക്കളാണ് വനംകൊള്ളയുടെ പിന്നില്‍. ഇരട്ടത്താപ്പ് മുഖ്യമന്ത്രി അവസാനിപ്പിക്കണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.
മരംകടത്തില് പ്രതിഷേധിച്ച് ബി.ജെ.പി സംസ്ഥാന വ്യാപകമായ പ്രക്ഷോഭങ്ങള്‍ നടത്തും. ഈ മാസം 14ന് പി.കെ കൃഷ്ണദാസിന്റെയും എം.ടി രമേശിന്റെയും എ.എന്‍ രാധാകൃഷ്ണന്റേയും നേതൃത്വത്തില്‍ തൃശൂര്‍, ഇടുക്കി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും. 16ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും.
കാല്‍ക്കോടി രൂപ കൈക്കൂലി കൊടുത്തുവെന്ന് പറയുന്നതില്‍ അന്വേഷണം നടത്താന്‍ കഴിയാത്തവരാണ് ഒരു മൊബൈല്‍ ഫോണിന്റെയും രണ്ട് ലക്ഷം രൂപ കൊടുത്തുവെന്ന ആരോപണത്തിന്റെ പിന്നാലെ കള്ളക്കേസുമായി നടക്കുന്നതെന്നും സുരേന്ദ്രന് വിമര്‍ശിച്ചു. സംസ്ഥാനത്ത് ബി.ജെ.പി മൂന്നംഗ സമിതിയുടെ അന്വേഷണം വച്ചിരിക്കുന്നുവെന്ന റിപ്പോര്‍ട്ടൊക്കെ വ്യാജ വാര്‍ത്തകളാണ്. തനിക്ക് കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏതാനും ദിവസങ്ങളായി ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുന്ന സുരേന്ദ്രന് ഇന്നാണ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. ദേശീയ നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്ന് വ്യക്തമാകുന്നതായിരുന്നു അദ്ദേഹത്തിന്റെ ശരീര ഭാഷയും.






