
ചെന്നൈ: കോവിഡ് വാക്സിനെടുത്തവർക്ക് 65 ശതമാനം സമ്പൂർണ പ്രതിരോധശേഷിയെന്ന് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് (സി.എം.സി.) നടത്തിയ പഠനത്തിൽ പറയുന്നു. ആരോഗ്യപ്രവര്‍ത്തകരില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.
സി.എം.സി.യില്‍ കോവിഡിന്റെ ആദ്യ വകഭേദത്തിനെതിരേയുള്ള പ്രതിരോധശേഷിയെ കുറിച്ചാണ് പഠനം നടത്തിയത്. റിപോർട്ടനുസരിച്ച് വാക്സിനെടുത്തവർക്ക് രോഗം ബാധിച്ചാലും ആശുപത്രിയില്‍ ചികിത്സതേടേണ്ട സ്ഥിതി 23 ശതമാനം മാത്രമാണ്. കൃത്രിമ ഓക്സിജന്‍ ആവശ്യമായിവരുന്ന അവസ്ഥയിലെത്തുന്നതിനുള്ള സാധ്യത എട്ട് ശതമാനവും തീവ്രപരിചരണം വേണ്ടിവരുന്ന സ്ഥിതി വെറും ആറ് ശതമാനവുമാണെന്നും പറയുന്നു.
രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച സി.എം.സി.യിലെ 7,080 ജീവനക്കാരില്‍ 679 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തൽ.






