
കഴിഞ്ഞ മാസം അവസാനത്തോടെയാണ് ബ്രിട്ടീഷ് സൂപ്പര്‍കാര്‍ നിര്‍മാതാക്കളായ മക്ലാറന് ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി പ്രവേശിക്കുമെന്ന് സ്ഥിരീകരിക്കപ്പെട്ടത്. ഇന്ത്യയില്‍ വില്‍ക്കുന്ന ചില സൂപ്പര്‍കാറുകളുടെ ഔദ്യോഗിക വിലവിവരങ്ങള്‍ ഇപ്പോൾ പുറത്തുവന്നു. ഇന്‍ഫിനിറ്റി ഗ്രൂപ്പ് ആയിരിക്കും ഇന്ത്യയില്‍ മക്ലാറന് കാറുകളുടെ വില്‍പ്പനയും സര്‍വീസും കൈകാര്യം ചെയ്യുന്നതെന്നാണ് സൂചന.
റിപ്പോർട്ട് അനുസരിച്ച് മക്ലാറന് ജിടി ആയിരിക്കും മക്ലാറന് ഇന്ത്യയില്‍ വില്‍ക്കുന്ന കാറുകളില്‍ ഏറ്റവും താങ്ങാവുന്ന മോഡല്‍. ഈ മോഡലിന് 3.72 കോടി രൂപയാണ് നിശ്ചയിച്ചിരിക്കുന്ന എക്സ് ഷോറൂം വില. മക്ലാറന് 720എസ് കൂപ്പെ മോഡലിന് 4.65 കോടി രൂപയും മക്ലാറന് 720എസ് സ്പൈഡറിന് 5.04 കോടി രൂപയും എക്സ് ഷോറൂം വിലയായി നിശ്ചയിച്ചു. അതേസമയം, ഈയിടെ ആഗോളതലത്തില്‍ അവതരിപ്പിച്ച മക്ലാറന് ആര്‍ച്ചുറ ഹൈബ്രിഡ് സൂപ്പര്‍കാറിന്റെ ഇന്ത്യയിലെ വില തല്ക്കാലം പ്രഖ്യാപിച്ചിട്ടില്ല. ഈ മോഡലിന് ജിടി, 720എസ് കാറുകള്‍ക്ക് ഇടയിലായിരിക്കും സ്ഥാനമെന്ന് പ്രതീക്ഷിക്കുന്നു.
മക്ലാറന്റെ ഇന്ത്യയിലെ എന്‍ട്രി ലെവല്‍ മോഡലായിരിക്കും മക്ലാറന് ജിടി. മക്ലാറന് നിരയിലെ ഏറ്റവും കംഫര്‍ട്ടബിള്‍ മോഡലാണ് ജിടി. റിയര്‍ കാമറ, പാര്‍ക്കിംഗ് സെന്‍സറുകള്‍, വെഹിക്കിള്‍ ലിഫ്റ്റ് തുടങ്ങിയവ ഉള്‍പ്പെടുന്ന ആഡ് ഓണ്‍ പാക്ക് ലഭ്യമായിരിക്കും. ഈ പാക്കേജിന് 29.77 ലക്ഷം രൂപയാണ് വില. മധ്യത്തിലായി സ്ഥാപിച്ച 4.0 ലിറ്റര്‍ എന്‍ജിനാണ് മക്ലാറന് ജിടി ഉപയോഗിക്കുന്നത്. 620 എച്ച്പി കരുത്തും 630 എന്‍എം ടോര്‍ക്കും ഈ മോട്ടോര്‍ പരമാവധി ഉല്‍പ്പാദിപ്പിക്കും. മണിക്കൂറില്‍ 326 കിലോമീറ്ററാണ് ടോപ് സ്പീഡ്. 3.2 സെക്കന്‍ഡ് മതി പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍. പോര്‍ഷ 911 ടര്‍ബോ എസ്, ബെന്റ്ലി കോണ്ടിനെന്റല് ജിടി, ഫെറാറി റോമ എന്നിവയാണ് എതിരാളികള്‍.






