
ന്യൂഡൽഹി : കോവിഷീൽഡ് വാക്സിന്റെ രണ്ട് ഡോസുകളും തമ്മിലുള്ള ഇടവേള എട്ടാഴ്ചയായി ചുരുക്കണമെന്നു ആരോഗ്യവിദഗ്ധർ. ഇക്കാര്യത്തിൽ ഉടൻ തീരുമാനം എടുക്കും.
ഇംഗ്ലണ്ടിലെ ആസ്ട്രസെനക്ക വാക്സിൻ ആണ് ഇന്ത്യയിൽ കോവിഷീൽഡ് എന്ന പേരിൽ അറിയപ്പെടുന്നത്. യുകെയിലെ പഠനം മുൻനിർത്തി മേയ് 13നാണ് കോവിഷീൽഡിന്റെ രണ്ടു ഡോസുകൾ തമ്മിലുള്ള ഇടവേള 6 മുതൽ 12 ആഴ്ച വരെയായാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. എന്നാൽ പ്രായമായവരിൽ ഇത് പിന്നീട് 8 ആഴ്ചയാക്കി കുറച്ചിരുന്നു.
ഇപ്പോൾ വേഗത്തിൽ വ്യാപിച്ചു കൊണ്ടിരിക്കുന്ന ഡെൽറ്റ വകഭേദത്തെ ചെറുക്കാൻ ഇടവേള കുറയ്ക്കുന്നതാണ് നല്ലതെന്നു കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇടവേള കുറച്ചത്. എന്നാൽ ഇന്ത്യയിൽ നിലവിൽ ഇത് 84 ദിവസമാണ്. കേന്ദ്ര കോവിഡ് വിദഗ്ധ സമിതി ഇക്കാര്യത്തിൽ തീരമാനമെടുക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ദേശീയമാധ്യമത്തോടു പറഞ്ഞു.
രണ്ട് ഡോസ് വാക്സിനും എടുത്തവരിൽ 92 ശതമാനം പേരും രോഗം ബാധിച്ച് ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നില്ലെന്നു കണ്ടെത്തിയതായി യുകെയിൽ പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് പുറത്തുവിട്ട ഡേറ്റയിൽ പറയുന്നുണ്ട്.






